പരമ്പരാഗത കോഴ്സുകളിൽ മാത്രം ഒതുങ്ങി നിൽക്കാതെ വിദ്യാർത്ഥികൾ നൈപുണ്യ വർദ്ധനവിന് ശ്രമിക്കണമെന്ന് തൊഴിൽ- എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. വിദ്യാർത്ഥികളുടെ നൈപുണ്യ മികവിന് വേണ്ടി   ഐടി ഐകളെയും നൈപുണ്യശേഷി വികസന അക്കാദമി യെയും പങ്കാളികളാക്കുന്ന വിഷയം ഗൗരവമായി  പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. വടകര എഞ്ചിനീയറിംഗ് കോളജ് സംഘടിപ്പിച്ച  എഞ്ചിനീയറിംഗ് പഠനം പുതിയകാലഘട്ടം അവസരങ്ങളും സാധ്യതകളും എന്ന വിഷയത്തിൽ ഏകദിന ശില്ലശാല വടകര ഡാസിൽ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

തനിക്ക് എന്തും സാധിക്കും എന്ന ആത്മവിശ്വാസം കുട്ടികളിൽ ഉണ്ടാകുന്ന വിധത്തിൽ നൈപുണ്ണ്യ വികസനം നൽകുന്ന  വിദ്യാഭാസ സ്ഥാപനങ്ങളാണ് നമുക്ക് വേണ്ടതെന്നും അദ്ദേഹം  പറഞ്ഞു. സർക്കാർ ഐടി ഐകളിൽ പഠിക്കുന്ന നല്ലൊരു ശതമാനം പേർക്കും കാമ്പസ് പ്ലേ സ്മെന്റ് ലഭിക്കുന്നുണ്ട് .ആർജിത നൈപുണ്യശേഷിയുടെ തെളിവാണിത് .മനസ്സ് വെച്ചാൽ തൊഴിൽ രംഗങ്ങളിൽ ശോഭിക്കാനാവശ്യമായ നൈപുണ്യം വികസിപ്പിക്കാൻ എല്ലാവർക്കും കഴിയും .കുട്ടികളുടെ അഭിരുചിക്കനുസരിച്ച് കോഴ്സുകൾ തെരഞ്ഞെടുക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം .എഞ്ചിനീയറിംഗ് രംഗത്ത് പല പ്രശ്നങ്ങളും നാം അഭിമുഖീകരിക്കുന്നുണ്ട് .ആഗോള തൊഴിൽ കമ്പോളത്തിൽ വലിയ മാറ്റങ്ങൾ വരികയാണെന്നും മന്ത്രി പറഞ്ഞു .

പ്രിൻസിപ്പൽ ഡോ .എൻ .കെ നാരായണൻ അധ്യക്ഷത വഹിച്ചു . പ്രതിരോധ മേഖലയിലെ എഞ്ചിനീയറിംഗ് സാധ്യതകളെ കുറിച്ച് ഡോ .പ്രമോദ് ശശിധരനും, രാജീവ് കുമാറും വിഷയമവതരിപ്പിച്ചു. എഞ്ചിനീയറിംഗ് ട്രന്റ് അവസരങ്ങൾ ക്യാമ്പസ് പ്ലേസ്മെന്റ് എന്ന വിഷയത്തിൽ ഡോ .വിനോദ് പത്താരിയും  കേരള പൊതുമേഖല എഞ്ചിനീയറിംഗ് തൊഴിലവസരങ്ങളെ കുറിച്ച് കെ എസ് ഇ ബി എക്സി .എഞ്ചിനീയർ എം ജി സുരേഷ് കുമാറും, സിവിൽ സർവീസ് പരിശീലകൻ സംഗീതും വിഷയമവതരിപ്പിച്ചു .കോർഡിനേറ്റർ ടി നിധിൻ പിടിഎ വൈസ് പ്രസിഡണ്ട് പ്രജിത്ത് തുടങ്ങിയവർ  പങ്കെടുത്തു.