പ്രളയത്തില്‍ നാശം നഷ്ടം സംഭവിച്ച ചെറുകിട കച്ചവടക്കാരില്‍ അപേക്ഷിച്ചവര്‍ക്കെല്ലാം ഈമാസം 30ന് മുമ്പ് വായ്പ ലഭ്യമാക്കും. ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലയിലെ ലീഡ് ബാങ്ക് മാനേജര്‍ വി.വിജയകുമാരന്‍ അറിയിച്ചതാണ് ഇക്കാര്യം. 10 ലക്ഷം രൂപവരെയാണ് വായ്പ നല്‍കുന്നത്. വായ്പയ്ക്കുള്ള അപേക്ഷ ജില്ലാ വ്യവസായകേന്ദ്രംവഴി ലഭിച്ചിട്ടുണ്ട്. അവയുടെ ;്രെപാസസിംഗ് നടന്നുവരുന്നു. ഡിസംബര്‍വരെ പുതിയ അപേക്ഷകള്‍ സ്വീകരിക്കുമെന്നും ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു.
റാന്നി ഐടിഐയുടെ പുതിയ കെട്ടിടത്തിന്റെ രൂപരേഖ രണ്ടാഴ്ചയ്ക്കകം തയാറാവുമെന്ന് പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സി. എന്‍ജിനീയര്‍ വ്യക്തമാക്കി. വെച്ചൂച്ചിറ പോളിടെക്‌നിക്കിലെ ഇലക്ട്രിക്കല്‍ ജോലികള്‍ അടുത്തയാഴ്ച തുടങ്ങുമെന്നു പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം അസി. എക്‌സി. എന്‍ജിനീയര്‍ ഉറപ്പുനല്‍കി.
കുമ്പനാട് – പുതുശേരി റോഡിന്റെ നിര്‍മാണത്തിനുള്ള നടപടികള്‍ ടെണ്ടര്‍ തുറക്കുന്നിടംവരെ എത്തിയതായി പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സി. എന്‍ജിനീയര്‍ അറിയിച്ചു. തിരുവല്ല മണ്ഡലത്തിലെ സ്‌കൂളുകളിലേക്ക് കംപ്യൂട്ടറുകള്‍ വാങ്ങുന്നതിന് എം.എല്‍.എ ഫണ്ടില്‍നിന്നും പണം അനുവദിക്കുന്നതിന് മൂന്ന് മാസം മുമ്പുതന്നെ ഫിനാന്‍സ് ഓഫീസര്‍ക്ക് ഉത്തരവ് നല്‍കിയിട്ടുള്ളതായി എഡിസി (ജനറല്‍) യോഗത്തെ അറിയിച്ചു.
ജില്ലയില്‍ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളുള്‍പ്പെടെയുള്ള എല്ലാ ആശുപത്രികളിലും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി അഡ്വ. ജയവര്‍മ്മ യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചുകൊണ്ട് ആവശ്യപ്പെട്ടു. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവനക്കാരുടേയും ഒഴിവുകള്‍ അടിയന്തിരമായി നികത്തണം. മഴക്കാല രോഗങ്ങളെ നേരിടാന്‍ ഇത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ആറന്മുളയിലെ മാവേലിസ്‌റ്റോര്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിക്കണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ ആവശ്യപ്പെട്ടു. ജില്ലാ വികസന സമിതിയോഗത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. ഇതിനുള്ള നടപടി ക്രമങ്ങള്‍ വേഗത്തിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കളക്ടറുടെ ക്യാമ്പ് ഓഫീസ് നിര്‍മാണം റീ ടെണ്ടര്‍ ചെയ്തതായി പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സി. എന്‍ജിനീയര്‍ ജില്ലാ വികസന സമിതി യോഗത്തെ അറിയിച്ചു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വികസന സമിതി യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ വി. ജയമോഹന്‍ അധ്യക്ഷനായിരുന്നു. എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എന്‍. സോമസുന്ദര ലാല്‍, തദ്ദേശ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.