ടുറിസം രംഗത്ത് നല്ല പുരോഗതി ആണ് ജില്ല കൈവരിച്ചിരിക്കുന്നതെന്നും അതിന്റെ വലിയ തുടക്കമാണ് ഇന്ന് ഇവടെ ആരംഭിച്ചിരിക്കുന്നതെന്നും   സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി. വെള്ളാപ്പാറ ഹില്‍വ്യൂ പാര്‍ക്കില്‍ അഡ്വഞ്ചര്‍ ടൂറിസം പദ്ധതി  ഉദ്ഘാടനം   ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  അഡ്വഞ്ചര്‍ റൈഡിന്റെ കല്ലിടീലും വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നിര്‍വ്വഹിച്ചു .  ഇടുക്കി എം.എല്‍.എ റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. ടുറിസം രംഗത്ത് ഈ പദ്ധതി വന്‍ വിജയം ആയിരിക്കുമെന്നും പ്രകൃതി സൗഹൃദമായ വിനോദങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്നും  എം.എല്‍.എ പറഞ്ഞു.  ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും വാഴത്തോപ്പ് സര്‍വീസ് സഹകരണ ബാങ്കും സംയുക്തമായാണ് പദ്ധതി  ആരംഭിക്കുന്നത്.

പ്രധാനമായും അഞ്ചു തരം അഡ്വഞ്ചര്‍ ആക്ടിവിറ്റീസ് ആണ് ഹില്‍ വ്യൂ പാര്‍ക്കില്‍ ഒരുക്കി ഇരിക്കുന്നത്. 200രൂപ നിരക്കിലുള്ള കപ്പിള്‍ സിപ്പ് ലൈനും സ്‌കൈ സൈക്ലിങും ബാന്‍കി ട്രംപോളിങ്ങും  100 രൂപ നിരക്കിലുള്ള ബര്‍മ ബ്രിഡ്ജും ഗണ്‍ ഷൂട്ടിങ്ങുമാണ് ആക്ടിവിറ്റീസ്. റൈഡുകള്‍ കൈകാര്യം ചെയ്യാനായി 4 ജീവനക്കാര്‍ക്ക് തെന്മലയില്‍ നിന്ന് പരീശീലനം ലഭിച്ചിട്ടുണ്ട്. ടിക്കറ്റില്‍ നിന്ന് കിട്ടുന്ന വരുമാനത്തിന്റെ 63 ശതമാനം ബാങ്കിനും 37  ശതമാനം ഡി.ടി.പി.സിക്കുമാണ് ലഭിക്കുന്നത്.
ചടങ്ങില്‍ കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡ് അംഗവും ഡി.ടി.പി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗവുമായ സി.വി വര്‍ഗീസ്, ഡി.ടി.പി.സി സെക്രട്ടറി ജയന്‍ പി വിജയന്‍, വാഴത്തോപ്പ് സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി എം.കെ ത്രേസ്യാമ്മ, വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പ്രഭാ തങ്കച്ചന്‍, വാഴത്തോപ്പ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോര്‍ജ്ജ് പോള്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍,  ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.