മലമ്പുഴയെ മധ്യകേരളത്തിന്റെ ഒന്നാംകിട വിദ്യാഭ്യാസ കേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും സ്ഥലം എം.എല്‍.എ.യുമായ വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. മലമ്പുഴ ഐ.എച്ച്.ആര്‍.ഡി കോളേജ് പുതിയ കെട്ടിടോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി 95 ലക്ഷം ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടെ കോളേജ് കെട്ടിടം മരുതറോഡ് പഞ്ചായത്തിലെ ചെമ്മന്‍കാടില്‍ നിര്‍മ്മിച്ചത്. 2008 മുതല്‍ കല്ലേപ്പുള്ളിയിലെ മരുതറോഡ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് കോളെജ് പ്രവര്‍ത്തിച്ചിരുന്നത്. കാലിക്കറ്റ് സര്‍വകലാശാലയുടെ ബി.കോം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍,  ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എസ്.സി ഇലക്ട്രോണിക്സ് കോഴ്സുകളാണ് ഇവിടെ നടത്തിവരുന്നത്.

മണ്ഡലത്തിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പശ്ചാത്തല, അധ്യയന നിലവാരം ഉയര്‍ത്തി വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും എം.എല്‍.എ പറഞ്ഞു.

മലമ്പുഴ ഐ.ഐ.ടി.യില്‍ 240 കോടിയുടെ വികസനമാണ് പുരോഗമിക്കുന്നത്. മലമ്പുഴ ഗവ. പോളിടെക്നിക് കോളെജില്‍ ഏഴ് കോടിയുടെ കെട്ടിടം പൂര്‍ത്തിയാക്കി. സ്‌കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെ ഹൈടെക്കാക്കി പശ്ചാത്തല സൗകര്യം ഒരുക്കി മലമ്പുഴയെ വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റാനുള്ള വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്. കണ്ണങ്കോട് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പാലക്കാട് മെഡിക്കല്‍ കോളെജില്‍ എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുമെന്നും വി.എസ് അച്യുതാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ഐ.എച്ച്.ആര്‍.ഡി കോളെജ് അങ്കണത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി അധ്യക്ഷയായി. പൊതുമരാമത്ത് കെട്ടിട വിഭാഗം  അസി .എന്‍ജിനീയര്‍ ശശിധരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മരുതറോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി, വൈസ് പ്രസിഡന്റ് കെ വി മുരളീധരന്‍, ജില്ലാ പഞ്ചായത്ത് അംഗം കെ രാജന്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, ജനപ്രതിനിധികള്‍ പങ്കെടുത്തു.