പരിസ്ഥിതി സംരക്ഷണം ജീവിതചര്യയാക്കിയ ഒരു കൂട്ടം തൊഴിലാളികളുടെ സന്തോഷത്തിന്റെ നിറവറിയാന്‍ കണ്ണാടി പഞ്ചായത്തിലെ പാതയോരങ്ങളിലേക്കു നോക്കിയാല്‍ മതി. നട്ടു വളര്‍ത്തി പരിപാലിക്കുന്ന തൈകള്‍ വളര്‍ന്ന് വൃക്ഷങ്ങളാകുന്ന കാഴ്ച നട്ടുവളര്‍ത്തിയവരെപ്പോലെ തന്നെ കാണുന്നവരിലും കുളിര്‍മ പകരുകയാണ്.
തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ ‘തേന്‍കനിവനം’ പദ്ധതിയിലൂടെ കഴിഞ്ഞവര്‍ഷത്തെ പരിസ്ഥിതി ദിനത്തില്‍ പഞ്ചായത്തിലെ റോഡരികുകളിലും കുളങ്ങള്‍, കനാലുകള്‍ എന്നിവയുടെ വശങ്ങളിലുമായി ഏഴായിരത്തോളം ഫലവൃക്ഷ തൈകള്‍ നട്ടിരുന്നു. പരിസ്ഥിതി ദിനത്തില്‍ നടുന്ന തൈകള്‍ കൃത്യമായ പരിചരണം ലഭിക്കാതെ നഷ്ടപ്പെടുന്ന ആരോപണങ്ങള്‍ കണക്കിലെടുത്താണ് നടുന്ന തൈകള്‍ സംരക്ഷിക്കണമെന്ന തീരുമാനത്തോടെ തൈകള്‍ പരിപാലിക്കാന്‍ തീരുമാനിച്ചത്. ഇതിനായി 400 തൈകള്‍ സംരക്ഷിക്കാന്‍ ഒരു തൊഴിലാളിയെന്ന രീതിയില്‍ ക്രമീകരിച്ച് തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.
നാട്ടില്‍ അന്യമായിക്കൊണ്ടിരിക്കുന്ന നാടന്‍ ഫലവൃക്ഷങ്ങളായ മാവ്, പ്ലാവ്, ഞാവല്‍, കശുമാവ്, പുളി, പേര തുടങ്ങിയ ഏഴായിരത്തോളം തൈകളാണ് പ്രധാനമായും നട്ടു പരിപാലിക്കുന്നത്. കണ്ണാടി പഞ്ചായത്തിലെ കണ്ണാടി-കിണാശ്ശേരി റോഡ്, പാത്തിക്കല്‍-കണ്ണനൂര്‍ റോഡ്, തസ്രാക്ക് കനാല്‍ റോഡ്, കണ്ണാടി പഞ്ചായത്ത് റോഡ് തുടങ്ങി പഞ്ചായത്തിലെ വീതിയേറിയ റോഡരികുകളില്‍ ഫലവൃക്ഷങ്ങളും ജലസേചന വകുപ്പിന്റെ കനാലുകളുടെ വശങ്ങളില്‍ കശുമാവിന്‍ തൈകളുമാണ് നട്ടിരിക്കുന്നത്. കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത അത്യുല്പാദന ശേഷിയുള്ള 1500 ലധികം കശുമാവിന്‍ തൈകളില്‍ പലതും കൃത്യമായ പരിചരണം ലഭിച്ച് പൂവിട്ടു തുടങ്ങിയിട്ടുണ്ട്.
ഈ പരിസ്ഥിതി ദിനത്തില്‍ നടുന്നതിനായി പഞ്ചായത്തിനു കീഴില്‍ 3600 തൈകള്‍ ഉല്‍പ്പാദിപ്പിച്ചിട്ടുണ്ട്. പൂര്‍ണമായും നാടന്‍ ഫലവൃക്ഷതൈകളാണ് തയ്യാറാക്കുന്നത്. പഞ്ചായത്തിലെ പൊതു ഇടങ്ങള്‍ക്കു പുറമെ ആവശ്യമുള്ള സ്വകാര്യവ്യക്തികള്‍ക്കും തൈകള്‍ വിതരണം ചെയ്ത് ഹരിതാഭം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത്.

കണ്ണാടി പഞ്ചായത്തിനു കീഴില്‍ 1300 ഓളം തൊഴിലുറപ്പ് തൊഴിലാളികളാണ് സജീവമായുള്ളത്. ഇവര്‍ക്ക് തൊഴില്‍ദിനങ്ങള്‍ ലഭ്യമാക്കി പൊതു ആസ്തികളും ദുര്‍ബല ജനവിഭാഗങ്ങള്‍ക്കായി ഉപജീവനാസ്തികളും സൃഷ്ടിക്കുകയാണ് തൊഴിലുറപ്പ് പദ്ധതിയുടെ മുഖ്യലക്ഷ്യം. ഫലവൃക്ഷതൈകളുടെ പരിപാലനത്തിലൂടെ ലക്ഷ്യം നിറവേറ്റുകയാണ് കണ്ണാടി പഞ്ചായത്ത്.