എട്ടുമുതൽ പന്ത്രണ്ടുവരെ ക്ലാസുകളുള്ള 4752 സ്‌കൂളുകളിൽ ഹൈടെക് ക്ലാസ്മുറികൾ സ്ഥാപിച്ചതിനു പുറമെ ഒന്നു മുതൽ ഏഴുവരെ ക്ലാസുകളുള്ള 9941 സ്‌കൂളുകളിൽ ഹൈടെക് ലാബുകൾകൂടി സജ്ജമാക്കി പുതിയ അധ്യയനവർഷം പിറക്കുന്നു.
കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന ഹൈടെക് ലാബ് പദ്ധതിക്കായി 55086 ലാപ്‌ടോപ്പുകൾക്കും യു.എസ്.ബി സ്പീക്കറുകൾക്കും 23170 പ്രൊജക്ടറുകൾക്കും വർക്ക് ഓർഡർ നൽകി. ജൂലൈ മുതൽ ഇവ സ്‌കൂളുകളിലെത്തും.
നേരത്തെ ഹൈടെക് സ്‌കൂൾ പദ്ധതിയുടെ ഭാഗമായി 58430 ലാപ്‌ടോപ്പുകളും 42227 മൾട്ടിമീഡിയ പ്രൊജക്ടറുകളും നാല്പതിനായിരത്തിലധികം യു.എസ്.ബി സ്പീക്കർ, എച്ച്.ഡി.എം.ഐ കേബിൾ, മൗണ്ടിംഗ് കിറ്റ്, ഫേസ്‌പ്ലേറ്റ് എന്നിവയും 4688 ഡി.എസ്.എൽ.ആർ ക്യാമറകളും 4522 എൽ.ഇ.ഡി പരിഷ്‌കരിച്ചുള്ള ടെലിവിഷനുകളും 4720 ഫുൾ എച്ച്.ഡി വെബ് ക്യാമുകളും സ്‌കൂളുകളിൽ വിന്യസിച്ചിട്ടുണ്ട്. ഈ സ്‌കൂളുകളിൽ പുതുതായി 4752 മൾട്ടിഫങ്ഷൻ പ്രിന്ററുകൾ ഈ മാസം വിന്യസിക്കും. മുഴുവൻ സ്‌കൂളുകൾക്കും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ലഭ്യമാക്കിയതിന് പുറമെ ക്ലാസ്മുറികൾ നെറ്റ്‌വർക്ക് ചെയ്യുന്നതും ഈമാസം പൂർത്തിയാകും. ലാബുകളിൽ സെർവറുകൾ വിന്യസിക്കും.
പ്രൈമറി, ഹൈസ്‌കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങളിലായി 1,83,235 അധ്യാപകർ ഏപ്രിൽ-മെയ് അവധിക്കാലത്ത് ഡിജിറ്റൽ സംവിധാനങ്ങൾ ക്ലാസ്മുറികളിൽ പ്രയോജനപ്പെടുത്താനും ഉള്ളടക്കം തയാറാക്കാനും പ്രാപ്തരാക്കുന്ന പ്രത്യേക ഐടി പരിശീലനം നേടി. ഡിജിറ്റൽ വിഭവങ്ങൾ ഉപയോഗിച്ചുള്ള പഠനപ്രവർത്തനങ്ങൾക്ക് അധ്യാപകർക്കും വിദ്യാർഥികൾക്കും ഒരുപോലെ പ്രയോജനപ്പെടുത്തുന്നവിധം പരിഷ്‌കരിച്ചിട്ടുള്ള ‘സമഗ്ര’ വിഭവ പോർട്ടലിന്റെ രണ്ടാംപതിപ്പാണ് പുതിയ അധ്യയനവർഷം മുതൽ ലഭ്യമാക്കുക. സമഗ്രയുടെ ഓഫ്‌ലൈൻ പതിപ്പും ഇനി ലഭ്യമാകും. ഒന്നുമുതൽ പന്ത്രണ്ടുവരെ ക്ലാസുകൾക്കായി 27811 ഡിജിറ്റൽ റിസോഴ്‌സുകൾ സമഗ്രയിലുണ്ട്. 5411 അധ്യാപകർ കഴിഞ്ഞ വർഷം കൈറ്റിന്റെ KOOL പ്ലാറ്റ്‌ഫോം വഴി ഓൺലൈൻ പരിശീലനം വിജയകരമായി പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്. ഈ പ്ലാറ്റ്‌ഫോം വഴി പുതിയ നിരവധി കോഴ്‌സുകൾ പൊതുജനങ്ങൾക്കുൾപ്പെടെ ലഭ്യമാക്കും.
1898 സ്‌കൂളുകളിലായി 58247 കുട്ടികൾ ഉണ്ടായിരുന്ന ‘ലിറ്റിൽ കൈറ്റ്‌സ്’ ഐടി ക്ലബുകളിൽ പുതുതായി 60,000 കുട്ടികൾകൂടി ഈ വർഷം സജീവമാവും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ്, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് (ഐ.ഒ.ടി), ത്രീഡി ക്യാരക്ടർ അനിമേഷൻ തുടങ്ങിയ മേഖലകളിൽ കഴിഞ്ഞ വർഷം പരിശീലനം നേടിയ ‘ലിറ്റിൽ കൈറ്റ്‌സ്’ അംഗങ്ങളുടെ നേതൃത്വത്തിൽ പുതിയ അധ്യയനവർഷം സ്‌കൂളുകൾ കേന്ദ്രീകരിച്ച് താല്പര്യമുള്ള മറ്റ് കുട്ടികൾക്ക് പ്രത്യേക പരിശീലനങ്ങൾ നൽകും. സ്‌ക്രിപ്റ്റ് തയാറാക്കൽ മുതൽ ഷൂട്ടിങ്ങും വീഡിയോ എഡിറ്റിങ്ങും ഉൾപ്പെടെയുള്ള വാർത്താനിർമാണത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളും നടത്താൻ സജ്ജരായ ‘കുട്ടി റിപ്പോർട്ടർമാർ’ പുതിയ അധ്യയനവർഷത്തിൽ സജീവമാകും.

സ്‌കൂൾ കുട്ടികൾക്ക് സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ‘സൈബർ സേഫ്റ്റി പ്രോട്ടോക്കോൾ’ അനുസരിച്ച് സൈബർ സേഫ്റ്റി ക്ലിനിക്കുകൾ ‘ലിറ്റിൽ കൈറ്റ്‌സ്’ ക്ലബുകളുടെ നേതൃത്വത്തിൽ സ്‌കൂളുകളിൽ രൂപീകൃതമാകും. സൈബർ സുരക്ഷയോടൊപ്പം പരിസ്ഥിതി അവബോധം, ലഹരി വസ്തുക്കൾ തടയൽ, മാലിന്യ നിർമാർജനം, രക്ഷിതാക്കൾക്കുള്ള ഐടി ബോധവൽക്കരണം തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്‌സ് ക്ലബുകൾ പുതുതായി ഏറ്റെടുക്കും. ലിറ്റിൽകൈറ്റ്‌സിലെ അടുത്തവർഷത്തെ ബാച്ചിലേക്കായി എട്ടാംക്ലാസിലെ വിദ്യാർഥികളെ ഈ മാസം തന്നെ തിരഞ്ഞെടുക്കും. എല്ലാ സ്‌കൂളുകളും തയാറാക്കുന്ന ഡിജിറ്റൽ മാഗസിനുകൾ ഓഗസ്റ്റ് മാസം പ്രസിദ്ധീകരിക്കും.
ഹയർസെക്കന്ററി മേഖലയിൽ ഗണിതപഠനം എളുപ്പവും കാര്യക്ഷമവുമാക്കാനുള്ള ‘മാത്സ് ഐ.ടി ലാബുകൾ’, ഫിസിക്‌സ് പഠനത്തിനുള്ള ‘എക്‌സ്‌പൈസ് കിറ്റുകൾ’ തുടങ്ങിയവ ഈ വർഷം പുതുതായി ആവിഷ്‌കരിച്ചതാണ്. മസാച്യൂസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി.) ആവിഷ്‌കരിച്ച് ‘സ്‌ക്രാച്ച്’ സ്വതന്ത്ര സോഫ്റ്റ്വെയർ വിഷ്വൽ പ്രോഗ്രാമിങ് ടൂളുകൾ പഠനത്തിന് മാത്രമല്ല, ഐ.ടി മേളയിലും ഈ വർഷം പ്രയോജനപ്പെടുത്തും.
ഹൈടെക് പദ്ധതിയുടെ സ്വാധീനം പഠനവിധേയമാക്കാൻ അന്താരാഷ്ട്ര ഏജൻസികൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സാങ്കേതികവിദ്യയുടെ സഹായത്തോടെ അക്കാദമിക നിലവാരം മികച്ചതാക്കാനും ഫലപ്രദമായ മോണിറ്ററിങ്ങും ഇ-ഗവേർണൻസും നടപ്പാക്കാനുമുള്ള പുതിയ പദ്ധതികൾക്ക് ഈ വർഷം കൈറ്റ് തുടക്കംകുറിക്കുമെന്ന് വൈസ് ചെയർമാൻ & എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ. അൻവർ സാദത്ത് അറിയിച്ചു.