പഞ്ചായത്ത് തലത്തില്‍ നടപ്പാക്കുന്ന ജനകീയ പദ്ധതികള്‍ പൊതു സമൂഹത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ  പഞ്ചായത്തുകളിലൂടെ പ്രക്ഷേപണ പര്യടന പരമ്പര നടത്തുന്ന ആകാശവാണിയുടെ ശ്രമം  അഭിനന്ദനാര്‍ഹമാണെന്ന്  വൈദ്യുതി മന്ത്രി എം.എം മണി. മുരിക്കാശേരി  പഞ്ചായത്ത് കമ്യുണിറ്റി ഹാളില്‍ നടന്ന ജനസമക്ഷം   പര്യടന   പരമ്പരയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാതൃകയാകുന്ന തരത്തില്‍ അനവധി പദ്ധതികള്‍ ഏറ്റെടുക്കുകയും നടപ്പിലാക്കി വരുകയും ചെയ്യുന്നുണ്ട്. ദേവികുളം എഫ് എം ഇത്തരം  പരിപാടികള്‍ പൊതുജനങ്ങളലെത്തിക്കുന്നത് സംസ്ഥാന തലത്തില്‍ ശ്രദ്ധിക്കപ്പെടുമെന്നും സംസ്ഥാനത്തിന് മാതൃകയാകുമെന്നും മന്ത്രി പറഞ്ഞു.  ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളെയും മുനിസിപ്പാലിറ്റികളെയും ഉള്‍പ്പെടുത്തി പരിപാടി വ്യാപിപ്പിക്കാന്‍ ശ്രമം ഉണ്ടാകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ആകാശവാണി ദേവികുളം സ്പൈസ് എഫ്.എം, പഞ്ചായത്ത്, പബ്ലിക് റിലേഷന്‍സ് എന്നീ വകുപ്പുകള്‍ സംയുക്തമായാണ് പരിപാടി നടത്തുന്നത്. ജില്ലയിലെ വികസന  പദ്ധതികള്‍ ബഹുജനങ്ങളില്‍ എത്തിക്കുക, പുതിയ കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തുക പഞ്ചായത്തുകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പൊതുജനങ്ങള്‍ക്കു മുമ്പാകെ അവതരിപ്പിക്കുകയും പരിഹാരം കാണുകയുമാണ് പരിപാടിയിലൂടെ ലക്ഷ്യം . ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജൂണ്‍ ഒന്‍പത് മുതല്‍   എല്ലാ ഞായറാഴ്ചകളിലും രാത്രി 7.30 നാണ് ജനസമക്ഷം പരിപാടി 101.4  ദേവികുളം സ്പൈസ് എഫ് എം പ്രക്ഷേപണം ചെയ്യുക.

ഇടുക്കി എം.എല്‍ എ റോഷി അഗസ്റ്റ്യന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ രാജു, ആകാശവാണി പ്രോഗ്രാം എക്സിക്യുട്ടീവ് സി.കൃഷ്ണകുമാര്‍, ഇടുക്കി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ.ടി. ബിനു, ആകാശവാണി ദേവികുളം നിലയം മേധാവി ബി. സുരേഷ്ബാബു, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. വി. കുര്യാക്കോസ് ത്രിതലപഞ്ചായത്തംഗങ്ങളായ  സുനിത സജീവ്,  സെലിന്‍ മാത്യു,  പ്രദീപ് ജോര്‍ജ്, സുലൈഖ ഇബ്രാഹിം, അജീഷ് ജോസഫ്  എന്നിവരും വിവിധ കക്ഷിരാഷ്ട്രീയ നേതാക്കളും പരിപാടിയില്‍ സംസാരിച്ചു.