കേരളത്തിലെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്റെയും സമഗ്രശിക്ഷ കേരളയുടെയും സംയുക്ത ആഭിമുഖ്യത്തില്‍  ഊരുണര്‍ത്തല്‍  സംഘടിപ്പിച്ചു. ഇടമലക്കുടിയില്‍ സ്‌കൂളുകളില്‍ പോകുന്ന കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഏറിവരുന്ന സാഹചര്യത്തിലാണ് ബാലാവകാശ കമ്മീഷന്റെ അടിയന്തര ഇടപെടല്‍ ഉണ്ടായിട്ടുള്ളത്. ഇടമലക്കുടിയിലെ കുട്ടികള്‍ക്ക് മികച്ച രീതിയില്‍ വിദ്യാഭ്യാസം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഊരുണര്‍ത്തല്‍ സംഘടിപ്പിച്ചത്.  സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി. സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്തു.  യാത്രാ ക്ലേശം, സ്‌കൂളുകളുടെ സൗകര്യക്കുറവ്,ഹോസ്റ്റല്‍ സൗകര്യത്തിന്റെ അഭാവം തുടങ്ങി വിവിധ കാരണങ്ങളാല്‍ ഇടമലക്കുടിയിലെ കുട്ടികള്‍ പഠനം പാതിവഴിയില്‍ അവസാനിപ്പിക്കുന്നതായി കമ്മീഷന്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. പുതിയ അധ്യായന വര്‍ഷം മുതല്‍ ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കി കോളനികളിലെ മുഴുവന്‍കുട്ടികളേയും വിദ്യാലയങ്ങളില്‍ എത്തിക്കുകയാണ് കമ്മീഷന്റെ ലക്ഷ്യമെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍് പറഞ്ഞു. കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുന്നതിനായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.കുടിവെളളം, റോഡ്,ഭക്ഷണം താമസം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ ഒരുക്കുന്നതിനാണ് മുന്‍ഗണന. മെയ് 3ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പ് മേധാവികളുടെ യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനങ്ങള്‍ കൈകൊണ്ടിരുന്നു.
സര്‍ക്കാര്‍ ഉടമസ്ഥതയില്‍ സൊസൈറ്റി കുടിയിലും പഞ്ചായത്ത് വക മുളകുതറയിലും പ്രവര്‍ത്തിക്കുന്ന എല്‍.പി സ്‌കൂളുകളാണ് ഇടമലക്കുടിയില്‍ ഉള്ളത്. കൂടാതെ പരപ്പയാര്‍കുടിയിലും ഇഡലിപ്പാറയിലും ഏകാധ്യാപക വിദ്യാലയങ്ങളും ഉണ്ട്. കുടികള്‍ തമ്മിലുള്ള ദൂര കൂടുതല്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍ തുടങ്ങിയവയും കുട്ടികളുടെ പഠനത്തെ ബാധിക്കുന്നു.വിദ്യാഭ്യാസത്തിനായി പുറത്തേക്ക് പോകുന്ന കുട്ടികള്‍ ഭാഷാപരമായും ജീവിത രീതികളാലും മറ്റുള്ളവരുമായി ഇടപെടാനുള്ള പ്രയാസത്താല്‍ തിരികെ കുടികളിലേക്ക്തന്നെ മടങ്ങുന്ന സാഹചര്യവും ഉണ്ട്. ഇത്തരം സാഹചര്യത്തിലാണ് വിദ്യാലയങ്ങളിലേക്ക്് കുട്ടികളെ കൂടുതലായി എത്തിക്കുന്നതിന് ബാലാവാകാശ കമ്മീഷന്‍ ഇടപെടല്‍ നടത്തിയത്. പുതിയ അധ്യായന വര്‍ഷം മുതല്‍ കുട്ടികള്‍ക്ക് താമസിച്ച് പഠിക്കുന്നതിനുള്ള ഹോസ്റ്റലുകള്‍  ഊരുണര്‍ത്തലിന്റെ ഭാഗമായി സൊസൈറ്റികുടിയില്‍ പ്രവര്‍ത്തനം  ആരംഭിച്ചു. നിലവിലുള്ള കെട്ടിടങ്ങളില്‍  മെച്ചപ്പട്ട സാഹചര്യങ്ങള്‍ ഉറപ്പുവരുത്തി കുട്ടികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. എല്‍പി സ്‌കൂള്‍ യുപി സ്‌കൂളായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും  കുട്ടികള്‍ക്ക് പ്ലസ്റ്റുവരെ പഠിക്കുന്നതിനുള്ള അവസരം ഇടമലക്കുടിയില്‍ ആവശ്യമാണെന്നും ഇതിനാവശ്യമായ കെട്ടിടങ്ങള്‍ ഉള്‍പ്പെടുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും കമ്മീഷന്‍ വ്യകതമാക്കി. നിരവിധി കുട്ടികളും മാതാപിതാക്കളും പരിപാടിയില്‍ പങ്കെടുത്തു. സൊസൈറ്റികുടിയിലെ  പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍  ഇടമലക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോവിന്ദരാജ് അധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലാ ജഡ്ജി ദിനേശ് എന്‍ പിള്ള, ബാലാകാശ കമ്മീഷന്‍ അംഗങ്ങളായ സിസ്റ്റര്‍ ബിജിജോസ്, ഫാ, ഫിലിപ്പ് പരക്കാട്ട്് പി വി,ഡോ. എം പി ആന്റണി, വിവിധ വകുപ്പ്തല ഉദ്യഗസ്ഥര്‍, ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

സംസ്ഥാന ബാലാവകാശ കമ്മീഷന്റെയും സമഗ്രശിക്ഷ കേരളയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഊരുണര്‍ത്തലിന്റെ ഭാഗമായിട്ടാണ് കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. ബാഗ്്, കുട, പുസത്കങ്ങള്‍ എന്നിവയടങ്ങുന്നതാണ് ഓരോ കിറ്റുകളും. പഠനത്തിനൊപ്പം കായികമായ താല്‍പര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നിനായാണ് കിറ്റുകള്‍ നല്‍കിയത്. ക്രിക്കറ്റ്,ഫുട്‌ബോള്‍, ബാഡ്മിന്റണ്‍ തുടങ്ങിയവ കമ്മീഷന്‍ അംഗങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറി. പഠനം രസകരമാകുമെന്ന പ്രതീക്ഷയും സന്തോവും പങ്കുവെച്ചാണ് പുതിയ അധ്യായന വര്‍ഷത്തിനായി ഇവിടുത്തെ കുട്ടികള്‍ കാത്തിരിക്കുന്നത്.