പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തുകയാണെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം      ടി എം വര്‍ഗീസ് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
പ്രകൃതിക്ക് ഇണങ്ങിയ ജീവിതരീതിയിലൂടെ മാത്രമേ പരിസ്ഥിതി സംരക്ഷണം സാധ്യമാകൂ. ഈ സന്ദേശം പരമാവധി പേരിലേക്കെത്തിക്കാനുള്ള ശ്രമങ്ങളാണ്    സര്‍ക്കാര്‍ നടത്തുന്നത്. വൃക്ഷത്തൈകള്‍ നട്ട് ഹരിതാഭ നിലനിറുത്തുകയാണിപ്പോള്‍. വരും വര്‍ഷങ്ങളിലും ഇതു തുടരും.
മാലിന്യമുക്തി നേടുകയാണ് മറ്റൊരു സുപ്രധാന ലക്ഷ്യം. രോഗങ്ങളെ അകറ്റി നിറുത്തുന്നതിനും പരിസ്ഥിതി സൗഹൃദ ചറ്റുപാട് സൃഷ്ടിക്കുന്നതിനുമായി തദ്ദേശ  സ്വയംഭരണ സ്ഥാപനങ്ങള്‍ മാലിന്യനിര്‍മാര്‍ജനത്തിന് പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ട്. കൊല്ലം കോര്‍പറേഷന്‍ ഈ മേഖലയില്‍ മികവുറ്റ പ്രവര്‍ത്തനമാണ് നടത്തുന്നത്. കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പാക്കിയും വിദ്യാര്‍ഥികളുടെ സജീവ സാന്നിധ്യത്തോടെയും മുന്നോട്ട് പോവുകയാണ് പ്രധാനം എന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.
മേയര്‍ അഡ്വ വി രാജേന്ദ്രബാബു അധ്യക്ഷനായി. എന്‍ കെ പ്രേമചന്ദ്രന്‍   എം പി മുഖ്യപ്രഭാഷകനായി. പരിസ്ഥിതിദിന വൃക്ഷതൈ വിതരണോദ്ഘാടനം    എം നൗഷാദ് എം എല്‍ എ നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, നികുതികാര്യ അപ്പീല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഷീബ ആന്റണി, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ വിജയാനന്ദന്‍, അസിസ്റ്റന്റ് ഫോറസ്റ്റ്    കണ്‍സര്‍വേറ്റര്‍മാരായ കെ എസ് ജ്യോതി, എസ് ഹീരലാല്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ് ഐസക്, സിറ്റിസണ്‍ കണ്‍സര്‍വേറ്റര്‍ ജി ആര്‍ കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.