കോരത്തൊടി, പുളിയംപുള്ളി അങ്കണവാടികള്‍ ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എംഎല്‍എയുമായ വി.എസ് അച്യുതാനന്ദന്‍ നാടിനു സമര്‍പ്പിച്ചു . എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 10 ലക്ഷം വീതം ചെലവഴിച്ചാണ് അകത്തേത്തറയിലെ കോരത്തൊടി അങ്കണവാടിയും പുതുപ്പരിയാരം ഗ്രാമപഞ്ചായത്തിലെ പുളിയംപുള്ളി അങ്കണവാടിയും നിര്‍മിച്ചത്. 600 ചതുരശ്രയടി വിസ്തൃതിയില്‍ ഹാള്‍, അടുക്കള, സ്റ്റോര്‍, കുട്ടികള്‍ക്കായുള്ള ശുചിമുറി ഉള്‍പ്പെടെയാണ് അങ്കണവാടികളില്‍ തയ്യാറാക്കിയത്. കുരുന്നുകള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്ന രീതിയില്‍ മലമ്പുഴ മണ്ഡലത്തില്‍ നാല് അങ്കണവാടികള്‍ കൂടി ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് വി.എസ് അച്യുതാനന്ദന്‍ എംഎല്‍എ അറിയിച്ചു. പുളിയംപുള്ളി അങ്കണവാടി അങ്കണത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബിന്ദു സുരേഷ് താക്കോല്‍ദാനം നിര്‍വഹിച്ചു. തുടര്‍ന്ന് അങ്കണവാടിക്ക് സ്ഥലം അനുവദിച്ച ബാബുവിനെ ആദരിച്ചു. പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ പ്രസന്നകുമാരി പരിപാടിയില്‍ അധ്യക്ഷയായി. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത്, പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. കോരത്തൊടി അങ്കണവാടി പരിസരത്ത് നടന്ന പരിപാടിയില്‍ അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. സദാശിവന്‍ അധ്യക്ഷനായി. മലമ്പുഴ ബ്ലോക്ക് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അനീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികളും രാഷ്ട്രീയ കക്ഷിനേതാക്കളും പരിപാടിയില്‍ പങ്കെടുത്തു.