കാവില്‍പാട് പടതോണി നിവാസികളുടെ യാത്രാ ക്ലേശത്തിന് പരിഹാരമായി പടതോണി ടിപ്പുസുല്‍ത്താന്‍ റോഡ് നിര്‍മ്മാണോദ്ഘാടനം ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എംഎല്‍എയുമായ വി.എസ് അച്യുതാനന്ദന്‍ നിര്‍വഹിച്ചു. പട തോണിയിലെ എഴുപത്തിയഞ്ചിലധികം കര്‍ഷക കുടുംബങ്ങള്‍ക്ക് റോഡെന്ന ദീര്‍ഘ നാളത്തെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമാവുന്നത്. എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 47 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. ഒന്നര കിലോമീറ്റര്‍ റോഡാണ് ആദ്യപടിയായി പൂര്‍ത്തിയാക്കുന്നത്. ഇതിനായി ഒരു കോടി 20 ലക്ഷം രൂപയുടെ എസ്റ്റിമേറ്റില്‍ തുടര്‍ പദ്ധതിയും അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. റോഡ് നിര്‍മ്മാണത്തിന് തുടക്കം കുറിക്കുന്നതിന് മുന്നോടിയായി വി.എസ് അച്യുതാനന്ദന്‍ എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു. മണ്ഡത്തിലെ ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങളായ റോഡ്, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വി.എസ് അച്യുതാനന്ദന്‍ എംഎല്‍എ പറഞ്ഞു. പുതുപ്പരിയാരം റീജിനല്‍ ഹെല്‍ത്ത് ലാബ് മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകുന്നതോടെ ജനങ്ങള്‍ക്ക് സൗജന്യ പരിശോധനയ്ക്കുള്ള സൗകര്യം ലഭിക്കുമെന്നും വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. പടതോണി പാടശേഖരത്തിന് സമീപം നടന്ന പരിപാടിയില്‍ പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു സുരേഷ് ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശോഭന, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഹരി ലക്ഷ്മി, ദാസ്, വിമല പഞ്ചായത്ത് അംഗങ്ങളായ രാജേഷ്, നസീമ തുടങ്ങിയവര്‍ സംസാരിച്ചു.