ഉറവിട മാലിന്യ സംസ്കരണത്തിൻറെ പ്രാധാന്യം ഓരോരുത്തരും തിരിച്ചറിയണമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ. ലോക പരിസ്ഥിതി ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ബേപ്പൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.  സംസ്ഥാ നത്ത് ഒരു ദിവസം 10,000 ടൺ മാലിന്യം ഉത്പാദിപ്പിക്കുന്നുണ്ട്. സർക്കാറും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വിവിധ ശാസ്ത്രീയ മാലിന്യ സംസ്കരണ പദ്ധതികൾക്ക് രൂപം നൽകിയിട്ടും മാലിന്യനിർമാർജനം പൂർണ്ണമായും ഫലവത്തായില്ല. അതുകൊണ്ടുതന്നെ പൊതുജനങ്ങൾ ഉറവിട മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു പ്രവർത്തിക്കേണ്ടതാണ്. ഈ ഭൂമി വരും തലമുറകൾക്കും ഉപകാരപ്പെടും വിധം സംരക്ഷിക്കേണ്ടതിന്റെ പ്രധാന ഉത്തരവാദിത്വം മനുഷ്യനാണ്. അതിനായി പരിസ്ഥിതി സംരക്ഷണത്തിൽ അടിയന്തര ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്.

വീട് , വിദ്യാലയം, സർക്കാർ ഓഫീസ് പരിസരങ്ങൾ തുടങ്ങിയവയിൽ ഫലവൃക്ഷങ്ങളും ഔഷധസസ്യങ്ങളും നട്ടുവളർത്തുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുന്നുണ്ട്. വെറുതെ നട്ടാൽ മാത്രം പോരാ, വളരുന്നു എന്ന് ഉറപ്പുവരുത്തേണ്ടതും നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. 2017- 18 കാലഘട്ടത്തിൽ നട്ട ചെടികളിൽ 63% വളരുന്നു എന്നാണ് കണക്ക്. ഭൂമിക്ക് ഹരിത മേലാപ്പ് ചാർത്താനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. മഴക്കാലപൂർവ്വ ശുചീകരണം പൊതു ജനങ്ങൾ ഏറ്റെടുത്തു വിജയിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷവും ഇതേ സമയത്ത് നിപ വന്നെങ്കിലും നമ്മെ രക്ഷിച്ചത് ജനങ്ങളുടെ നിതാന്ത ജാഗ്രതയാണ്. പകർച്ചവ്യാധികൾ നമുക്കുചുറ്റുമുണ്ട്. നാടിനെ മാലിന്യ വിമുക്തമാക്കിക്കൊണ്ടേ പകർച്ചവ്യാധികളിൽ നിന്നും രക്ഷ നേടാനാവൂ.
പരിസ്ഥിതി സൗഹൃദ ചുറ്റുപാട് സൃഷ്ടിക്കുന്നതിൽ വിദ്യാർഥികൾക്കും പ്രധാന പങ്കു വഹിക്കാനാകും. ഈവർഷം ജില്ലയിൽ നാല് ലക്ഷം വൃക്ഷത്തൈകൾ ആണ് വിതരണം ചെയ്യുന്നത്. 64 ലക്ഷം തൈകളാണ് സംസ്ഥാനത്ത് ഒട്ടാകെ വിതരണം ചെയ്യുക. പ്ലാസ്റ്റിക്കിന്റെ ഉപയോഗവും പരിസ്ഥിതിനാശം ഉയർത്തുന്നു. കടലിൽ എത്തുന്ന ഒന്നര കോടി ടൺ പ്ലാസ്റ്റിക് മത്സ്യസമ്പത്തിന് തന്നെ ഭീഷണിയാണെന്നും മന്ത്രി പറഞ്ഞു.

വികെസി മമ്മദ് കോയ എംഎൽഎ ചടങ്ങിൽ അധ്യക്ഷനായിരുന്നു. മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതിന്റെ അവശ്യകത കുട്ടികളുടെ മനസ്സിൽ എത്തിക്കാൻ ലോക പരിസ്ഥിതി ദിനം പോലുള്ള ദിനാചരണങ്ങൾ സഹായിക്കുമെന്ന് വികെസി മമ്മദ് കോയ എംഎൽഎ പറഞ്ഞു. വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമായി ജില്ലാ പഞ്ചായത്ത് വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി പറഞ്ഞു. വിദ്യാർഥികൾക്കിടയിൽ വൃക്ഷത്തൈ വിതരണത്തിനു പുറമേ, വൃക്ഷത്തൈയുടെ വളർച്ച ഓരോ മൂന്നു മാസവും വ്യക്തമാക്കുന്ന സെൽഫികൾ എടുക്കാൻ പ്രോത്സാഹിപ്പിക്കുകയും ഇതിനെ അടിസ്ഥാനമാക്കിയുള്ള സെൽഫി മത്സരം സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്.

വിദ്യാർഥികൾക്കായുള്ള തൈ വിതരണത്തിന്റെ ഉദ്ഘാടനം ബാബു പറശ്ശേരി നിർവഹിച്ചു.
പൊതുജനങ്ങൾക്കായുള്ള തൈ വിതരണത്തിന്റെ ഉദ്ഘാടനം നഗരസഭ ഡെപ്യൂട്ടി മേയർ മീര ദർശക് നിർവഹിച്ചു. മന്ത്രി ടി പി രാമകൃഷ്ണൻ ബേപ്പൂർ വിദ്യാലയ പരിസരത്ത് വൃക്ഷത്തൈ നടുകയും ചെയ്തു. ഫോറസ്റ്റ് കൺസർവേറ്റർ ഡോക്ടർ സി മീനാക്ഷി, പരിസ്ഥിതി പ്രവർത്തകരായ പ്രൊഫസർ ടി ശോഭീന്ദ്രൻ,ജോൺസൻ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ, ഉദ്യോഗസ്ഥർ, പരിസ്ഥിതി പ്രവർത്തകർ,വിദ്യാർത്ഥികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.