ജില്ലാ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡ് സജ്ജം

പാലക്കാട് ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും എറണാകുളം ജില്ലയില്‍ നിപ്പ രോഗബാധ സ്ഥിരീകരിച്ച സഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അസ്വസ്തതകളുണ്ടായാല്‍ സ്വയം ചികിത്സ പാടില്ല. പനി, തലവേദന, തലച്ചോറിനെ ബാധിക്കുന്ന മയക്കം, സ്ഥലകാല ബോധമില്ലായ്മ എന്നിവ വന്നാല്‍ വിദഗ്ധ ചികിത്സ തേടണം. അടിയന്തര സാഹചര്യം നേരിടാന്‍ ജില്ലാ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡ് സജ്ജീകരിച്ചിട്ടുണ്ട്.
മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ്പാ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. നിപ്പ ബാധിതരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാന്‍ വലിയ സാധ്യതയുണ്ട്. അതിനാല്‍ ആശുപത്രി ജീവനക്കാര്‍ ജാഗ്രത പുലര്‍ത്തണം. രോഗികളുടെ ശരീരസ്രവങ്ങളില്‍ നിന്നാണ് രോഗം പകരുന്നത്. അതിനാല്‍ രോഗികളെ പരിചരിക്കുന്നവര്‍ മാസ്‌ക്, ഗ്ലൗസ് തുടങ്ങിയവ ധരിക്കണം.
അണുബാധയുണ്ടായാലും രോഗം പ്രകടമാകുന്നതിന് അഞ്ച് മുതല്‍ 14 ദിവസം വരെ സമയമെടുക്കും. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ വ്യക്തമാകാന്‍ ഇത്രയും ദിവസങ്ങള്‍ വേണം.

രോഗ ലക്ഷണങ്ങള്‍

1. പനി, തലവേദന, തലകറക്കം, ബോധക്ഷയം എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍.
2. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം.
3. രോഗലക്ഷണങ്ങള്‍ ആരംഭിച്ച് ഒന്നുരണ്ടു ദിവസങ്ങള്‍ക്കകം ഗുരുതരാവസ്ഥയിലാകാന്‍ സാധ്യതയുണ്ട്. തലച്ചോറിനേയും ശ്വാസകോശങ്ങളേയും ബാധിക്കുന്ന ഗുരുതര പ്രശ്നങ്ങള്‍ ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. പക്ഷികളിലൂടേയും മൃഗങ്ങളിലൂടേയും രോഗം പകരുന്നത്. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യശരീരത്തില്‍ ഉള്ളിലെത്തിയാല്‍ അസുഖം ഉണ്ടാകാം. അങ്ങനെയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം.
2. വവ്വാല്‍, മറ്റ് പക്ഷികള്‍ എന്നിവ കടിച്ച കടിച്ച ചാമ്പങ്ങ, പേരയ്ക്ക, മാങ്ങ പോലുള്ള കായ്ഫലങ്ങള്‍ ഒഴിവാക്കുക.യാതൊരു കാരണവശാലും ഭക്ഷിക്കരുത്.
3. മാമ്പഴം പോലുള്ള പഴങ്ങള്‍ സോപ്പിട്ട് കഴുകി ഭക്ഷിക്കുക.
4. തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ള് പോലുള്ള പാനീയങ്ങള്‍ കുടിക്കരുത്.