പൊതു വിദ്യാലയങ്ങളിലേക്ക് കൂടുതല്‍
കുട്ടികളെത്തുന്നു – മന്ത്രി കെ രാജു

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ വിജയസൂചകമായി കൂടുതല്‍ കുട്ടികള്‍ ഇക്കൊല്ലവും പൊതു വിദ്യാലയങ്ങളിലേക്ക് എത്തുകയാണെന്ന് വനം വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു. അഞ്ചല്‍ വെസ്റ്റ് സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്‍ പി-യു പി സ്‌കൂളുകളും ഹൈടെക് ആക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുകയാണ്. ഈ നിലയിലേക്ക് ഉയര്‍ത്തപ്പെട്ട സ്‌കൂളുകളിലെ കുട്ടികളുടെ പഠന നിലവാരം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ 113 ഫുള്‍ എ പ്ലസുകളോടെ  ജില്ലയില്‍ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനവും നേടാന്‍ അഞ്ചല്‍ സ്‌കൂളിന് കഴിഞ്ഞത് തന്നെയാണ് മികവിന് തെളിവ്. പാഠ്യേതര പ്രവര്‍ത്തനങ്ങളിലും വിദ്യാര്‍ഥികള്‍ മുന്നിലേക്കെത്തുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പഞ്ചായത്തിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും എസ് എസ് കെ യുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രവേശനോത്സവത്തില്‍ ഒന്നു മുതല്‍ 12 വരെ ക്ലാസുകളിലേക്കുള്ളവരാണ് എത്തിയത്.
ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി അധ്യക്ഷയായി. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീലേഖ വേണുഗോപാല്‍, എസ് എസ് കെ ജില്ലാ പ്രോജക്ട് ഓഫീസര്‍ ബി രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ എസ് ശ്രീകല, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ റെനി ആന്റണി, ഗവണ്‍മെന്റ് എച്ച് എസ് എസ് അഞ്ചല്‍ വെസ്റ്റ് പ്രഥമാധ്യാപിക ബി ഷൈലജ,  തദ്ദേശസ്വയംഭരണ സ്ഥാപന ഭാരവാഹികള്‍ അധ്യാപകര്‍, പി ടി എ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.