കളിയും കിളികൊഞ്ചലുമായി കുരുന്നുകള്‍ അക്ഷരലോകത്തേക്ക്

കളിയും കിളികൊഞ്ചലും ചിണുങ്ങലുമായി അക്ഷരലോകത്തേക്കു പിച്ചവെച്ചക്കാന്‍ എത്തിയ കുരുന്നുകളെ ജില്ലയിലെ പൊതുവിദ്യാലങ്ങള്‍ ആഘോഷമായി വരവേറ്റു. ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകള്‍ പ്രവേശനനോത്സവത്തിലൂടെ ഒരുമിച്ചാണ് വേനലവധിക്കുശേഷം തുറന്നത്.
ജില്ലാതല പ്രവേശനനോത്സവം നടന്ന ബന്തടുക്ക ജിഎച്ച്എസ്എസ് പ്രൗഡഗംഭീരമായാണ് നവാഗതരെ വരവേറ്റത്.വിവിധ വര്‍ണ്ണങ്ങളിലുള്ള പുത്തന്‍ ഉടുപ്പുകള്‍ ധരിച്ചെത്തിയ കുരുന്നുകളെ ബന്തടുക്ക പെട്രോള്‍ പമ്പ് പരിസരത്തു നിന്ന് ഘോഷയാത്രയുടെ അകമ്പടിയോടെയാണു സ്‌കൂളിലേക്ക്  ആനയിച്ചത്. കുടുംബശ്രീ വനിതകളുടെ നേതൃത്വത്തിലുള്ള ചെണ്ടമേളവും അധ്യാപക-പിടിഎ അംഗങ്ങള്‍ കൈലേന്തിയ മുത്തുക്കുടകളും  ഘോഷയാത്രയ്ക്ക് ഉത്സവത്തിന്റെ വര്‍ണ്ണപൊലിമ പകര്‍ന്നു.ഇതിനുപുറമേ സ്റ്റുഡന്റ് പോലീസ് കേഡറ്റും എന്‍എസ്എസ് വളണ്ടിയേഴ്‌സും സ്‌കൗട്ടും റെഡ് ക്രോസും ഘോഷയാത്രയുടെ ഭാഗമായി.

ജില്ലാതല പ്രവേശനോത്സവത്തിനാണ്  ബന്തടുക്ക ജി എച്ച് എസ് എസ് വേദിയാണ്. ഉദ്ഘാടന വേദിക്ക് സമീപത്തായി  കുരുന്നുകള്‍ക്ക് ഇരിക്കാന്‍ കുട്ടികസേരകള്‍ സജ്ജമാക്കിയിരുന്നു.വിവിധ വര്‍ണ്ണത്തിലുള്ള ബലൂണുകളും പേപ്പറുകള്‍ കൊണ്ടുള്ള കുഞ്ഞുകിരീടങ്ങളും ഇവര്‍ക്കായി ഒരുക്കിയിരുന്നു.കുഞ്ഞു കിരീടങ്ങള്‍ ധരിച്ച് പരസ്പരം തൊട്ടും തലോടിയും പുതിയ കൂട്ടുകാരുമായി  ഇവര്‍ സൗഹൃദം പങ്കിട്ടു. പുത്തന്‍ കാഴ്ചകള്‍ കുരുന്നുകളില്‍ ആഹ്ലാദവും  കൗതുകവുമുണര്‍ത്തി.പാല്‍ പായസം കൂടി ലഭിച്ചപ്പോള്‍ ഇവരുടെ സന്തോഷം ഇരട്ടിയായി.ഇത്തവണ ഇവിടെ 36 വിദ്യാര്‍ത്ഥികളാണ് ഒന്നാംതരത്തില്‍ പ്രവേശനം നേടിയത്.