പൂഞ്ഞാര്‍ ഗവണ്‍മെന്‍റ് എല്‍.പി സ്കൂളില്‍ ഗ്രാമപഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ആധുനിക അടുക്കളയുടെയും ഡൈനിംഗ് ഹാളിന്‍റെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പ്രസാദ് തോമസ് നിര്‍വഹിച്ചു. 12 ലക്ഷം രൂപ ചെലവഴിച്ചാണ് അമൃതവര്‍ഷിണി എന്ന പേരില്‍ ആധുനിക സൗകര്യങ്ങളുള്ള പാചകപ്പുര നിര്‍മ്മിച്ചത്.

രണ്ടു നിലകളുള്ള കെട്ടിടത്തിലെ താഴത്തെ നിലയിലാണ് പാചകപ്പുര. മുകള്‍ നിലയിലെ ഡൈനിംഗ് ഹാളില്‍ 150 പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്. ക്ലാസ് മുറികളില്‍ ഫില്‍ട്ടര്‍ ചെയ്ത കുടിവെള്ളം എത്തിക്കുന്നതിന് മൂന്നു മാസത്തിനുള്ളില്‍ ക്രമീകരണം ഏര്‍പ്പെടുത്താനും ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നു. ഹരിത സാക്ഷരത നടപ്പാക്കുന്നതിന്‍റെ ഭാഗമായി എല്ലാ കുട്ടികള്‍ക്കും സ്റ്റീല്‍ പ്ലേറ്റും പുതുതായി പ്രവേശനം നേടിയ പ്രീ പ്രൈമറി, ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി സ്റ്റീല്‍ വാട്ടര്‍ ബോട്ടിലും വിതരണം ചെയ്തു.

ഈരാറ്റുപേട്ട വിദ്യാഭ്യാസ ഉപജില്ലയില്‍ ഈ അധ്യയന വര്‍ഷം ഏറ്റവുമധികം കുട്ടികള്‍ പ്രവേശനം നേടിയ സ്കൂളുകളിലൊന്നാണിത്. 300 ഓളം കുട്ടികളാണ്                 പ്രീ പ്രൈമറിയിലും ഒന്നാം ക്ലാസിലുമായി പുതിയതായി എത്തിയത്. എയര്‍ കണ്ടീഷന്‍ ചെയ്ത ഹൈടെക് ലേണിംഗ് സെന്‍ററും പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ തയ്യാറാക്കിയിട്ടുണ്ട്. സ്കൂളിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചായത്തിന്‍റെ ബജറ്റില്‍ ഏഴു ലക്ഷം രൂപ വകയിരുത്തിയിട്ടുമുണ്ട്. 

ചടങ്ങില്‍ വാര്‍ഡ് അംഗം രമേഷ് ബി. വെട്ടിമറ്റം അധ്യക്ഷത വഹിച്ചു. മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് കാഷ് അവാര്‍ഡ് വിതരണം ചെയ്തു. ഈരാറ്റുപേട്ട എ.ഇ.ഒ അബ്ദുള്‍ ഷുക്കൂര്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ കെ.വി പ്രമോദ്, ഹെഡ്മിസ്ട്രസ് സജിമോള്‍, പി ടി എ പ്രസിഡന്‍റ് സജിമോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.