ജില്ലയില്‍ കനത്ത മഴയെതുടര്‍ന്ന് താലൂക്കുകളില്‍ ആരംഭിച്ച കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നു. കോഴിക്കോട് താലൂക്കിലെ കടലുണ്ടിയില്‍ കടലാക്രമണം രൂക്ഷമാണ്. ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കാന്‍ സജ്ജമാണെന്ന് തഹസില്‍ദാര്‍ എന്‍.പ്രേമചന്ദ്രന്‍ അറിയിച്ചു.  കൊയിലാണ്ടി ചെങ്ങോട്ട്കാവ് വില്ലേജിലെ വളപ്പില്‍, മൂന്നു കുടിക്കല്‍, ഏഴു കുടിക്കല്‍ ഭാഗങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്.  റോഡിനോട് ചേര്‍ന്ന ബസ് സ്റ്റോപ്പും, തീരദേശ റോഡും ഹൈമാസ്റ്റ് ലൈറ്റുകളും തകരുന്ന നിലയിലാണ്. കടല്‍ക്ഷോഭ ഭീഷണിയെ തുടര്‍ന്ന് മൂന്ന് കുടുംബങ്ങളിലെ  11 പേരെ ബന്ധുവീടുകളിലേക്ക് മാറ്റി താമസിപ്പിച്ചു. ക്യാമ്പുകള്‍ ഏത് നിമിഷവും പ്രവര്‍ത്തനമാരംഭിക്കാന്‍ സജ്ജമാണെന്ന് തഹസില്‍ദാര്‍ ഇന്‍ചാര്‍ജ് രേഖ.എം അറിയിച്ചു.
കടല്‍ഭിത്തി ബലപ്പെടുത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടത്താന്‍ ഇറിഗേഷന്‍ വകുപ്പിനെ ചുമതലപ്പെടുത്തിയതായും  സ്ഥിരം ലൈറ്റിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ കെ.എസ്.ഇ.ബി യോട് നിര്‍ദേശിച്ചതായും   കെ.ദാസന്‍ എം.എല്‍.എ അറിയിച്ചു.താമരശ്ശേരി, വടകര എന്നിവിടങ്ങളില്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് തഹസില്‍ദാര്‍മാര്‍ അറിയിച്ചു.   കണ്‍ട്രോള്‍ റൂം നമ്പറുകള്‍ 0495-2372966 (കോഴിക്കോട്) 0496-2620235 (കൊയിലാണ്ടി), 0495 2223088 (താമരശേരി), 04962522361 (വടകര), കളക്ടറേറ്റ്- 1077