ആലുവ: എറണാകുളം ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും ജില്ലാ ചൈൽഡ് ലൈനിന്റെയും തൊഴിൽ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനം ആചരിച്ചു. ആലുവ റയിൽവേ സ്റ്റേഷനിൽ നടന്ന ദിനാചരണം ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി സെലീന വി. നായർ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ബാലവേല കുറവാണെങ്കിലും ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ബാലവേല ഉണ്ടെന്നും ഇതര സംസ്ഥാനങ്ങളിൽ നിന്ന് കുട്ടികൾ കൂടുതലായി എത്തുന്നത് കേരളത്തിലാണെന്നും സെക്രട്ടറി അഭിപ്രായപ്പെട്ടു. ജില്ലാ ശിശുസംരക്ഷണ ഓഫീസർ സൈന കെ.ബി അധ്യക്ഷത വഹിച്ചു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ജവഹർ ജനാർദ്ദ് , സ്റ്റേഷൻ മാനേജർ കെ.എം.റഹീം, സെന്റ്. ആൽബർട്സ് കോളജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട് മെൻറ് മേധാവി ഫാ.ജോളി അസിസ്റ്റന്റ് ലേബർ ഓഫീസർമാരായ ജാഫർ സാദിഖ്,ജയപ്രകാശ്, എന്നിവർ സംസാരിച്ചു. തുടർന്ന് സെന്റ് ആൽബർട്സ് കോളജ്, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച തെരുവു നാടകവും ഫ്ലാഷ് മോബും നടന്നു. ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഒരാഴ്ചത്തെ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ചിത്രരചനാ മത്സരം, ഫാക്ടറികളും സ്ഥാപനങ്ങളിലും ബോധവത്കരണ ക്ലാസുകൾ , പരിശോധനകൾ എന്നിവ ഇതിന്റെ ഭാഗമായി നടക്കും. ചൈൽഡ് ലൈനിന്റെ നേതൃത്വത്തിൽ ഒരാഴ്ച റയിൽവേ സ്റ്റേഷനിൽ ചൈൽഡ് ഹെൽപ് ഡെസ്ക് പ്രവർത്തിക്കും. പാരാലീഗൽ വൊളന്റിയേഴ്സ് , ചൈൽഡ് ലൈൻ സ്റ്റാഫുകൾ, പോലീസ് പ്രതിനിധികൾ, ജില്ലാ ലീഗൽ സർവീസ് പ്രതിനിധികൾ, ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് എന്നിവർ ഹെൽപ് ഡെസ്കിന് നേതൃത്വം നൽകും.

ആലുവ റയിൽവേ സ്റ്റേഷനിൽ നടന്ന ദിനാചരണം ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി സെലീന വി. നായർ ഉദ്ഘാടനം ചെയ്യുന്നു.