മഴക്കാല പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ സജ്ജമായി ഭാരതീയ ചികിത്സാ വകുപ്പ്. മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രൂപീകരിച്ച ടാക്സ്ഫോഴ്സ് ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഡിസ്പെന്‍സറികള്‍ കേന്ദ്രീകരിച്ച് ബോധവത്ക്കരണ ക്ലാസുകളും ലഘുലേഖകളും പ്രതിരോധ ശേഷി വര്‍ധനയ്ക്കുള്ള ഔഷധങ്ങളും നല്‍കിവരുന്നുണ്ട്. അടിയന്തര സന്ദര്‍ഭങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയംചികിത്സ ഒഴിവാക്കി വൈദ്യസഹായം തേടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) അറിയിച്ചു.

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ഇവ ശ്രദ്ധിക്കുക:

-ചുക്ക്, കൊത്തമല്ലി ഔഷധങ്ങളിട്ട തിളപ്പിച്ചാറിയ വെള്ളം കുടിക്കുക.
-തണുത്തതും പഴകിയതും ദഹിക്കാന്‍ വിഷമമുള്ളതുമായ ആഹാരങ്ങള്‍ ഉപയോഗിക്കരുത്.
-മാലിന്യം കെട്ടികിടക്കുന്ന സാഹചര്യം ഒഴിവാക്കുക
-രാവിലെയും വൈകീട്ടും അണുനാശക സ്വഭാവമുള്ള ഗുല്‍ഗുലു, കുന്തിരിക്കം തുടങ്ങിയ ഔഷധങ്ങളോ അപരാജിത ധൂമ ചൂര്‍ണമോ പുകയ്ക്കുക.
-ധാരാളം പച്ചക്കറികളും പഴവര്‍ഗങ്ങളും ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.