സബ് കളക്ടറുടെ നേതൃത്വത്തിൽ അടുത്ത ദിവസം തന്നെ സാങ്കേതിക സമിതി ബ്രഹ്മഗിരി മാംസ സംസ്‌കരണ പ്ലാന്റ് സന്ദർശിച്ച് പരിശോധിക്കുമെന്ന് ജില്ലാ കളക്ടർ എ.ആർ അജയകുമാർ പറഞ്ഞു. പ്ലാന്റിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ക്രമസമാധാന പ്രശ്‌നം ഉണ്ടായിരുന്നു. ഈ വിഷയം ചർച്ച ചെയ്യാൻ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പൊലൂഷൻ കൺട്രോൾ എൻജിനീയർ, ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവരടങ്ങുന്ന സാങ്കേതിക സമിതിയാണ് പ്ലാന്റ് സന്ദർശിക്കുക. കൂടാതെ പഞ്ചായത്ത് പ്രതിനിധികൾ, സമരസമിതി അംഗങ്ങൾ എന്നിവരെയും സന്ദർശനത്തിൽ ഉൾപ്പെടുത്തും. പ്ലാന്റ് പൂർണ്ണമായും ശാസ്ത്രീയ നടപടിക്രമങ്ങൾ പാലിച്ച് മാലിന്യമുക്തമായ രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് ഉറപ്പു വരുത്തും. രാത്രികാലങ്ങളിൽ പ്ലാന്റിലെ ഉപകരണങ്ങളുടെ അറ്റകുറ്റ ജോലികൾ പൂർണ്ണമായും ഒഴിവാക്കണമെന്ന കളക്ടറുടെ നിർദേശത്തോട് ഇരുവിഭാഗവും യോജിച്ചു. ഉപകരണങ്ങളുടെ അറ്റകുറ്റ ജോലികൾ നടക്കുമ്പോൾ പ്ലാന്റിൽ നിന്നും ദുർഗന്ധം വമിക്കുന്നെന്നു നാട്ടുകാർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് നടപടി. പൊലീസിനെതിരെ ഉയർന്ന ആരോപണങ്ങൾ സബ് കളക്ടറുടെ നേതൃത്വത്തിൽ പ്ലാന്റിലെ സിസിടിവി വീഡിയോ ക്ലിപിങ് പരിശോധിച്ച് തീരുമാനമെടുക്കും. ദൃശ്യങ്ങളിൽ അതിക്രമം നടന്നിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിനു ശുപാർശ ചെയ്യുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. പൊലീസിന്റെ ഭാഗത്ത് നിന്നും മോശമായ നടപടിയുണ്ടായിട്ടില്ലെന്നും ക്രമസമാധാന പരിപാലനം മാത്രമാണുണ്ടായെന്നും മാനന്തവാടി എഎസ്പി ഭൈവവ് സക്‌സേന പറഞ്ഞു. പ്ലാന്റിന്റെ പ്രവർത്തനത്തിന് എതിരല്ലെന്നും ദുർഗന്ധം നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനെതിരാണ് പ്രതിഷേധമെന്നും സമരസമിതി അംഗങ്ങൾ യോഗത്തെ അറിയിച്ചു. എല്ലാവിധ അനുവദിയുമുള്ള പ്ലാന്റിന് പ്രവർത്തിക്കാൻ സാഹചര്യമൊരുക്കണമെന്ന് ബ്രഹ്മഗിരി ഡവലെപ്‌മെന്റ് സൊസൈറ്റി പ്രതിനിധികളും ആവശ്യപ്പെട്ടു. യോഗത്തിൽ പഞ്ചായത്ത്, ഹെൽത്ത്, പൊലൂഷൻ വിഭാഗം പ്രതിനിധികളും പങ്കെടുത്തു.