മുളന്തുരുത്തി: ജീവിതത്തിൽ ആദ്യമായി ശ്രവണ സഹായ ഉപകരണത്താൽ ശബ്ദം കേട്ടവർ, സ്വന്തമായി ഒരു വീൽചെയർ ലഭിച്ചവർ എന്നിങ്ങനെ വിവിധ ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെട്ടവരുടെ സന്തോഷ നിമിഷങ്ങളായിരുന്നു മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ രണ്ട് ദിവസമായി നിറഞ്ഞ് നിന്നത്.

ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19 വാർഷിക പദ്ധതിയായ ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണ വിതരണം സമൂഹത്തിൽ പ്രത്യേക കരുതൽ ആവശ്യമുള്ളവരെ ചേർത്ത് നിർത്തുന്നതായിരുന്നു. വനിതാ ശിശുവികസന വകുപ്പാണ് പദ്ധതി നടപ്പാക്കിയത്. ഭിന്നശേഷിക്കാർക്കായി പ്രത്യേക മെഡിക്കൽ ക്യാമ്പ് നടത്തിയാണ് അർഹരായവർക്ക് സഹായ ഉപകരണങ്ങൾ ലഭ്യമാക്കിയത്. ഓരോ വ്യക്തിയുടെയും ആവശ്യങ്ങൾ അനുസരിച്ച് വിവിധ ഉപകരണങ്ങൾ നൽകി. നാല് സഹായ ഉപകരണങ്ങൾ വരെ ലഭിച്ചവർ ഇക്കൂട്ടത്തിലുണ്ട്.

ഉദയംപേരൂർ പഞ്ചായത്തിൽ നിന്നുള്ള ആനന്ദ് രാജേഷ് എന്ന 11 വയസുള്ള കുട്ടിക്ക് ബെറിബ്രൽ പാഴ്സി ചെയർ ലഭിച്ചത് ഏറെ ഉപകാരപ്രദമായി. കാലിന് ബലക്കുറവുള്ള കുട്ടിക്ക് സൗകര്യപ്രദമായി ഇരിക്കാനും കിടക്കാനുമെല്ലാം കഴിയുന്ന ഈ ചക്ര കസേരയ്ക്ക് 30000 രൂപയ്ക്ക് മുകളിൽ വിലയാകും. കുട്ടിയെ അനായാസം കൊണ്ടുനടക്കാൻ ഇതുകൊണ്ട് സാധിക്കും. കടം വാങ്ങി വീൽച്ചെയർ ഉപയോഗിച്ചിരുന്നവർ സ്വന്തമായി വീൽചെയർ ലഭിച്ചതിന്റെ സന്തോഷവും നന്ദിയും അറിയിച്ചാണ് തിരിച്ച് യാത്രയായത്.

കാഴ്ച ശക്തി ഇല്ലാത്തവർക്കായി വിതരണം ചെയ്ത സ്മാർട്ട് കെയിൻ മുന്നിലുള്ള തടസങ്ങളെകുറിച്ച് ശബ്ദവും കമ്പനവും പുറപ്പെടുവിച്ച് സൂചന നൽകുന്നു. വിപണിയിൽ പതിനായിരം രൂപയ്ക്ക് മുകളിൽ വില വരുന്ന മികച്ച നിലവാരമുള്ള ശ്രവണ സഹായിയാണ് കേൾവിയില്ലാത്തവർക്കായി നൽകിയത്. കൃത്രിമ കാലുകളും, തെറാപ്പി മാറ്റും, പ്രായമായവർക്കുള്ള പ്രത്യേക വീൽ ചെയർ, കാഴ്ച ശക്തി ഇല്ലാത്തവർക്കുള്ള പഠന സഹായിയായ വോയ്സ് റെക്കോർഡറും എയ്ഞ്ചൽ പ്ലെയർ എന്ന പ്രത്യേക കമ്പ്യൂട്ടർ ടാബു മെല്ലാം ഭിന്നശേഷിക്കാരിൽ പുതു ജീവൻ ഉണർത്തുന്നതായിരുന്നു. വിവിധ ഉപകരണങ്ങളുടെ ഉപയോഗ രീതികൾ വിശദമാക്കിയാണ് ഇവ കൈമാറിയത്.

ഗ്രാമസഭകളിലെ ജനങ്ങളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞാണ് ബ്ലോക്ക് പഞ്ചായത്ത് ഇത്തരം പദ്ധതികൾ നടപ്പാക്കുന്നതെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജയാ സോമൻ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ അഞ്ച് ഗ്രാമ പഞ്ചായത്തുകളിൽ നിന്നായി 160 ഗുണഭോക്താക്കൾക്കാണ് ഉപകരണങ്ങൾ വിതരണം ചെയ്തത്. 28.50 ലക്ഷം രൂപയാണ് പദ്ധതിക്ക് ചെലവായത്. ഏറ്റവുമധികം ഗുണഭോക്താക്കൾ ചോറ്റാനിക്കര ഗ്രാമ പഞ്ചായത്തിൽ നിന്നായിരുന്നു.ബ്ലോക്കിന് കീഴിലെ എടയ്ക്കാട്ടുവയൽ ഗ്രാമ പഞ്ചായത്ത് കഴിഞ്ഞ ദിവസം സ്വന്തം നിലയ്ക്ക് ഭിന്നശേഷി സഹായ ഉപകരണങ്ങൾ വിതരണം ചെയ്തിരുന്നു. 26 ഗുണഭോക്താക്കളാണ് പഞ്ചായത്തിൽ ഉണ്ടായിരുന്നത്.

ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ മേഖലയ്ക്കാണ് മുന്തിയ പരിഗണന നൽകി വരുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ബ്ലോക്ക് വൈസ് പ്രസിഡൻറ് ഷാജി മാധവൻ പറഞ്ഞു. ജീവിതത്തിൽ തിരിച്ച് വരവിന് സാധ്യതയില്ല എന്ന് കരുതിയിരുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുൾപ്പെടെയുള്ള ഭിന്നശേഷിക്കാർക്കും പാലിയേറ്റീവ് രോഗികൾക്കും പദ്ധതി പുതുജീവൻ നൽകുന്നു. വരും വർഷങ്ങളിൽ സ്വകാര്യ സംരംഭകരുടെ സഹായത്തോടെ ആരോഗ്യ മേഖലയിൽ കൂടുതൽ ക്ഷേമ പദ്ധതികൾ നടപ്പിലാക്കുമെന്നും വൈസ് പ്രസിഡന്റ് വ്യക്തമാക്കി.

ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  സുധാ രാജേന്ദ്രൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര ധർമ്മരാജൻ,  ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് നിയുക്ത പ്രസിഡന്റ് രമണി ജനകൻ, വനിതാ ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥ നമിത ഇ.കെ എന്നിവർ പ്രസംഗിച്ചു.

ക്യാപ്ഷൻ

ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണ വിതരണം മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജയാ സോമൻ ഉദ്ഘാടനം ചെയ്യുന്നു.