കുട്ടികളുടേയും സ്ത്രീകളുടേയും സുരക്ഷ ഉറപ്പാക്കുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായി പോസ്റ്റര്‍-മുദ്രാവാക്യ രചനാ മത്സരം നടത്തി. സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായി ആശ്രാമം അഡ്വഞ്ചര്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച മത്സരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം. ശിവശങ്കരപ്പിള്ള അധ്യക്ഷനായി.
സബ്കലക്ടര്‍ ഡോ. എസ്. ചിത്ര മുഖ്യാതിഥിയായിരുന്നു. സിറ്റി പോലീസ് കമ്മിഷണര്‍ അജിതാ ബേഗം മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഇ. എസ്. രമാദേവി, അംഗം എന്‍. രവീന്ദ്രന്‍, സെക്രട്ടറി കെ. പ്രസാദ്, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ സിജു ബെന്‍, സാമൂഹ്യനീതി ഓഫീസര്‍ എസ്. സബീനാ ബീഗം തുടങ്ങിയവര്‍ പങ്കെടുത്തു.
സ്ത്രീസുരക്ഷ, കുട്ടികളുടെ അവകാശസംരക്ഷണം എന്നീ മേഖലകളിലെ നിയമങ്ങള്‍ അടിസ്ഥാനമാക്കി സ്‌കിറ്റ്, സ്വയം പ്രതിരോധ പ്രകടനം എന്നിവയും മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും പരിപാടിയുടെ ഭാഗമായി നടന്നു.