മൂവാറ്റുപുഴ: ഉന്നത നിലവാരത്തില്‍ നവീകരണം നടക്കുന്ന മൂവാറ്റുപുഴ-കൂത്താട്ടുകുളം റോഡിലെ കാലപ്പഴക്കം ചെന്ന പൈപ്പ് ലൈനുകള്‍ മാറ്റണമെന്നാവശ്യപ്പെട്ട് ജല വിഭവ വകുപ്പ് മന്ത്രിക്ക് നിവേദനം. എല്‍ദോ എബ്രഹാം എം.എല്‍.എ, ആരക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വള്ളമറ്റംകുഞ്ഞ്, മെമ്പര്‍മാരായ മിനി രാജു, റാണി ജെയ്‌സണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് ജല വിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടിയ്ക്ക് നിവേദനം നല്‍കിയത്. മൂവാറ്റുപുഴ-കൂത്താട്ടുകുളം റോഡ് ബിഎം ബിസി നിലവാരത്തില്‍ ടാര്‍ ചെയ്യുന്നതിനായി സെന്‍ട്രല്‍ റോഡ്‌സ് ഫണ്ടില്‍ നിന്നും 16-കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. റോഡ് നിര്‍മ്മാണം ആരംഭിക്കുന്നതിനോടൊപ്പം നിലവില്‍ കുടിവെള്ള വിതരണം നടത്തികൊണ്ടിരിക്കുന്ന കാലപ്പഴക്കം ചെന്ന എ.സി.പൈപ്പുകള്‍ നീക്കം ചയ്ത് പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് നിവേദനം നല്‍കിയത്. ഇതിനായി വാട്ടര്‍ അതോറിറ്റി 1.50-കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിരിക്കുന്നത്. പൈപ്പ് ലൈന്‍ മാറ്റുന്നതിനായി ഈവര്‍ഷത്തെ സ്റ്റേറ്റ് പ്ലാന്‍ ഫണ്ടില്‍ നിന്നും തുക അനുവദിക്കണമെന്നും നിവേദനത്തിലാവശ്യപ്പെട്ടു. മൂവാറ്റുപുഴ- കൂത്താട്ടുകുളം റോഡ് നവീകരിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മൂവാറ്റുപുഴ നഗരസഭയില്‍ നിന്നാരംഭിച്ച് മാറാടി, ആരക്കുഴ, പാലക്കുഴ, പഞ്ചായത്തുകൾ വഴി കൂത്താട്ടുകുളം നഗരസഭയില്‍ അവസാനിക്കുന്ന 16.5 കിലോ മീറ്റര്‍ വരുന്ന റോഡ് ഉന്നത നിലവാരത്തില്‍ ടാര്‍ ചെയ്ത് ഓടകളും കലുങ്കുകളും നവീകരിക്കാനാണ് ഇപ്പോൾ ഫണ്ടനുവദിച്ച് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ റോഡിന്റെ ഇരു സൈഡിലും കോണ്‍ക്രീറ്റിംഗ് നടത്തും. ദിശാബോര്‍ഡുകളും റിഫ്ളക്ടറുകളും സ്ഥാപിച്ച് മനോഹരമാക്കും. 2017ലെ സംസ്ഥാന ബഡ്ജറ്റില്‍ മൂവാറ്റുപുഴ- കൂത്താട്ടുകുളം ലിങ്ക് റോഡിന് 25കോടി രൂപയാണ് പ്രഖ്യാപിച്ചിരുന്നത്. സര്‍വേ ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ പൂര്‍ത്തിയായി വരികയായിരുന്നു. സ്ഥലമേറ്റെടുക്കലിന് കാലതാമസം നേരിടുന്നതിനാല്‍ റോഡ് നിര്‍മ്മാണം അനന്തമായി നീളുന്നതിനെതിരെ വ്യാപക പരാതിയാണ് ഉയര്‍ന്നിരുന്നത്. റോഡ് ബി.എം, ബി.സി, നിലവാരത്തില്‍ ടാര്‍ ചെയ്യണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍ രംഗത്തെത്തിയതിനെ തുടർന്നാണ് റോഡ് സെന്‍ട്രല്‍ റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തിയത്.

ഫോട്ടോ അടിക്കുറിപ്പ്: മൂവാറ്റുപുഴ-കൂത്താട്ടുകുളം ലിങ്ക് റോഡിലെ പഴകിയ കുടിവെള്ള പൈപ്പുകള്‍ മാറ്റണമെന്നാവശ്യപ്പെട്ട് ജല വിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടിയ്ക്ക് എല്‍ദോ എബ്രഹാം എം.എല്‍.എയുടെ നേതൃത്വത്തില്‍ നിവേദനം നല്‍കുന്നു…..