15 ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്രവാഹനങ്ങള്‍ നല്‍കി

ജില്ലാ പഞ്ചായത്ത്, സാമൂഹിക നീതി വകുപ്പ്, ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാരായ 15 പേര്‍ക്ക് മുച്ചക്രവാഹനങ്ങള്‍ വിതരണം ചെയ്തു. മുച്ചക്ര വാഹന വിതരണത്തിന്റെ ആദ്യഘട്ടത്തിലെ വിതരണമാണ് നടന്നത്. ജില്ലാ പഞ്ചായത്തില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. സഞ്ചാരസ്വാതന്ത്ര്യവും സ്വന്തമായി വരുമാനം ഉണ്ടാക്കുന്നതിനുള്ള മാര്‍ഗവുമാണ് മുച്ചക്ര വാഹനങ്ങള്‍ നല്‍കുന്നതിലൂടെ ഭിന്നശേഷിക്കാര്‍ക്ക് ലഭിക്കുന്നത്. സാമ്പത്തികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ തരണം ചെയ്ത് മുന്നോട്ടുപോകാന്‍ വാഹനങ്ങള്‍ നല്‍കുന്നതിലൂടെ കഴിയും. ഭിന്നശേഷിക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാണ് ജില്ലാ പഞ്ചായത്ത് പദ്ധതികള്‍ നടപ്പാക്കുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു സുരേഷ് പരിപാടിയില്‍ അധ്യക്ഷയായി.

ജില്ലാ പഞ്ചായത്ത്, സാമൂഹിക നീതി വകുപ്പ്, ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്യുന്നു.

2018 – 2019 സാമ്പത്തികവര്‍ഷത്തില്‍ ജില്ലാ പഞ്ചായത്തിന്റെ 1.25 കോടിയും ഗ്രാമപഞ്ചായത്തുകളുടെ 40 ലക്ഷവുമാണ് മുച്ചക്രവാഹന വിതരണത്തിനായി നീക്കി വച്ചത്. ആദ്യഘട്ടത്തില്‍ ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ച ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്ക് മാത്രമാണ് വാഹനം വിതരണം ചെയ്തത്. മുച്ചക്ര വാഹന വിതരണം നടത്തുന്ന ഗ്രാമപഞ്ചായത്തുകളുടെ വിഹിതം 20000 രൂപയും ബാക്കി തുക ജില്ലാ പഞ്ചായത്തും എടുത്താണ് വാഹനങ്ങള്‍ നല്‍കുന്നത്. തച്ചനാട്ടുകര ഗ്രാമപഞ്ചായത്തില്‍ നിന്ന് മൂന്നുപേര്‍ക്കും വെള്ളിനേഴിയില്‍ നാല് പേര്‍ക്കും , അമ്പലപ്പാറ പഞ്ചായത്തില്‍ നാല് പേര്‍ക്കും ,മുണ്ടൂര്‍ പഞ്ചായത്തില്‍ നിന്ന് ഒന്ന്, തച്ചമ്പാറ മൂന്ന് , തുടങ്ങി 5 പഞ്ചായത്തുകളില്‍ നിന്നായി 15 പേര്‍ക്കാണ് വാഹനങ്ങള്‍ നല്‍കിയത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. കെ. നാരായണദാസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. സി. സുബ്രഹ്മണ്യന്‍, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ പി. എച്ച്. അഷ്ഗര്‍ഷ, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. കെ. സുധാകരന്‍, സീനിയര്‍ സൂപ്രണ്ട് ഗുരുവായൂരപ്പന്‍ , ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.