കൊല്ലം : ലഹരി മരുന്നുകള്‍ക്ക് എതിരായ ബോധവല്‍ക്കരണവുമായി ലഹരി വര്‍ജന മിഷന്‍ വിമുക്തിയുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടവും കൊല്ലം കോര്‍പ്പറേഷനും ജില്ലാ പഞ്ചായത്തും  എക്‌സൈസ് വകുപ്പും സംയുക്തമായി നടത്തിയ മണ്‍സൂണ്‍ മാരത്തണ്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
പെയ്‌തൊഴിയാതെ നിന്ന ചാറ്റല്‍ മഴയെയും അവഗണിച്ചാണ് ലഹരിക്കെതിരെ കൊല്ലം ഒറ്റക്കെട്ടായി ഓടിക്കയറിയത്. കൊച്ചു മിടുക്ക•ാരും മിടുക്കികളും മുതല്‍ വയോജനങ്ങള്‍ വരെ മാരത്തണിന്റെ ഭാഗമായി. ഹാഫ് മാരത്തണ്‍, ഫണ്‍ റണ്‍ എന്നീ രണ്ടു വിഭാഗങ്ങളിലായിട്ടായിരുന്നു മത്സരം. 5841 പേരാണ് മാരത്തണിനായി അണിനിരന്നത്. മാരത്തണില്‍ വിദേശികളടക്കമുള്ളവ രുടെ പങ്കാളിത്തവും കൗതുകമായി.
മത്സരാര്‍ഥികള്‍ക്ക് ആവേശമായി മന്ത്രി കെ രാജുവും ജില്ലാ കലക്ടര്‍ ഡോ എസ് കാര്‍ത്തികേയനും സിറ്റി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫും  ജില്ല പഞ്ചായത്ത് പ്രസിഡന്റ് സി  രാധാമണിയും  മാരത്തണില്‍ പങ്കാളികളായി.
രാവിലെ 5.30ന് ആരംഭിച്ച 21 കിലോമീറ്റര്‍ ഹാഫ് മാരത്തണ്‍  മന്ത്രി ടി പി രാമകൃഷ്ണനും ആറ് മണിയോടെ ആരംഭിച്ച ഫണ്‍ റണ്‍ മന്ത്രി കെ രാജുവും ഫ്‌ളാഗ് ഓഫ് ചെയ്തു. മാരത്തണിന് ശേഷം നടന്ന പൊതുസമ്മേളനം മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി കെ രാജു അധ്യക്ഷനായി. ഹാഫ് മാരത്തണില്‍ വിജയികളായവര്‍ക്ക് എക്‌സൈസ് മന്ത്രി  സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ആദിവാസി ഗോത്ര കലാകാര•ാരും വിവിധ ഡാന്‍സ് ഗ്രൂപ്പുകളും പങ്കെടുത്ത കലാപരിപാടികളും മാരത്തോണിനോടനുബന്ധിച്ച് കന്റോണ്‍മെന്റ് മൈതാനിയില്‍ ഒരുക്കിയിരുന്നു. മാരത്തണിന്റെ  പ്രചരണാര്‍ഥം  പൊതു ജനപങ്കാളിത്തത്തോടെ  വിവിധ പരിപാടികളും കഴിഞ്ഞ ദിവസങ്ങളില്‍ സംഘടിപ്പിച്ചിരുന്നു . ജില്ലാ ശുചിത്വമിഷന്റെ  നേതൃത്വത്തില്‍ ഹരിതചട്ടം പാലിച്ചായിരുന്നു മാരത്തണ്‍.
ചടങ്ങില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി ലഹരി വിരുദ്ധ സന്ദേശം നല്‍കി. ജില്ലാ കലക്ടര്‍ ഡോ എസ് കാര്‍ത്തികേയന്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. എം എല്‍ എ എം.നൗഷാദ്,  മേയര്‍ വി രാജേന്ദ്രബാബു,  എം പി കെ.സോമപ്രസാദ്,  എക്‌സൈസ് കമ്മീഷണര്‍ എസ് ആനന്ദകൃഷ്ണന്‍, അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ ഡി രാജീവ്,  അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ സാം ക്രിസ്റ്റി ഡാനിയല്‍, ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍മാരായ പി കെ മനോഹരന്‍, കെ എ ജോസഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി അജോയ്, എക്‌സൈസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എന്‍ എസ് സലിംകുമാര്‍, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ജെ താജുദ്ദീന്‍കുട്ടി, എക്‌സൈസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം നൗഷാദ്, ജില്ലാ സെക്രട്ടറി പി എ സഹദുള്ള, എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ടി സജു കുമാര്‍, ജില്ലാ പ്രസിഡന്റ് എ രാജു, ജില്ലാ സെക്രട്ടറി എസ് ആര്‍ ഷെറിന്‍ രാജ്, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എ എസ് രഞ്ജിത്ത്  തുടങ്ങിയവര്‍ സംസാരിച്ചു.