എക്‌സൈസ് കോംപ്ലക്‌സ് നിര്‍മാണം തടാക സംരക്ഷണം ഉറപ്പ് വരുത്തി മാത്രം: മന്ത്രി ടി പി രാമകൃഷ്ണന്‍

ശാസ്താംകോട്ട തടാകത്തിന്റെ സംരക്ഷണം ഉറപ്പ് വരുത്തി മാത്രമായിരിക്കും എക്‌സൈസ് കോംപ്ലക്‌സ് നിര്‍മാണം നടത്തുകയെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍  പറഞ്ഞു. ശാസ്താംകോട്ട എക്‌സൈസ് കോംപ്ലക്‌സിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. തടാകത്തില്‍ നിന്നും നിയമാനുസരണമുള്ള അകലം      പാലിച്ചാണ് നിര്‍മാണം നടക്കുകയെന്നും മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മന്ത്രി പറഞ്ഞു.
എക്‌സൈസ് വകുപ്പില്‍ ആധുനിക വത്കരണം കൊണ്ടുവരാന്‍ സര്‍ക്കാറിന് സാധിച്ചിട്ടുണ്ട്. ഇതിന്റെ ഗുണഫലമായി മയക്കുമരുന്ന് ലോബിക്ക് എതിരെ കൂടുതല്‍ ശക്തമായ ഇടപെടല്‍ നടത്തുന്നുണ്ട്. 18000 ല്‍ അധികം മയക്കുമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെതത് സര്‍വകാല റിക്കോര്‍ഡാണ്. 52000 ല്‍ അധികം അബ്കാരി കേസുകളും എടുക്കാന്‍ എക്‌സൈസിന് കഴിഞ്ഞിട്ടുണ്ട്. വനിതാ പെട്രോളിങ് ടീമിനെ സജ്ജീകരിക്കാന്‍ സാധിച്ചത് നേട്ടമാണ്. എകൈസ് വകുപ്പിന്റെ സര്‍വോന്‍മുഖമായ വികസനത്തിന് സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. എക്‌സൈസ് കമ്മീഷണര്‍ ആനന്ദകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായ്തത് പ്രസിഡന്റ് ബി അരുണാദേവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ നൗഷാദ്, ജില്ലാ പഞ്ചായത്തംഗം കെ ശോഭന, ജനപ്രതിനിധികളായ എസ് ദിലീപ് കുമാര്‍, പ്രസാദ്, അനിതാകുമാരി, കെ ശുഭ, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷ്ണര്‍ എ എസ് രഞ്ജിത് തുടങ്ങിയവര്‍ സംസാരിച്ചു.
(പി.ആര്‍.കെ. നമ്പര്‍ 1313/2019)