അഴിമതിക്കെതിരെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമാണ് സംസ്ഥാനത്തെ വിജിലന്‍സ് വിഭാഗം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അഴിമതി ഏതുമേഖലയിലായാലും കര്‍ശനമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി വിജിലന്‍സ് വിഭാഗം ഒട്ടേറെ മേഖലകളില്‍ മിന്നല്‍ പരിശോധന നടത്തുന്നുണ്ട്. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ പാലക്കാട് യൂനിറ്റിന്റെ പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെ വിജിലന്‍സ് വിഭാഗത്തിന്റെ പൊതുശേഷി വര്‍ദ്ധിപ്പിക്കും. അതിന്റെ ഭാഗമായി ഇപ്പോള്‍ പാലക്കാട്ടെന്നപോലെ വിജിലന്‍സിന് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഓഫീസുകള്‍ സജ്ജമാക്കുന്നതിനുളള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  ചടുലതയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്കായി വലിയതോതിലുളള ആള്‍ബലവും വിജിലന്‍സ് വിഭാഗത്തിന് വേണമെന്നതിനാല്‍ വിജിലന്‍സിന്റെ വിവിധ തലത്തില്‍ നിയമനങ്ങള്‍ നടത്തും. വിജിലന്‍സ് കേസുകള്‍ ഗൗരവമായി എടുക്കുകയും നിയമപരമായ പാളിച്ചകളും കുറവുകളും ഇല്ലാതിരിക്കാന്‍ നിയമോപദേശം നല്‍കാന്‍ ഉള്ളവരുടെ പിന്‍ബലവും ഉറപ്പാക്കാനുളള നടപടിയെടുക്കും. സമൂഹത്തിന്റെ പൊതു വികാരത്തോട് ചേര്‍ന്നുകൊണ്ട് അഴിമതി വിരുദ്ധ പ്രവര്‍ത്തനം നടത്താന്‍ വിജിലന്‍സിന് സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു..
പരിശോധന നടത്തുന്ന എല്ലായിടങ്ങളിലും അഴിമതി ഉണ്ടാകണമെന്നില്ല. കണ്ടെത്തിയ വലിയ ക്രമക്കേടുകള്‍ക്കെതിരെ കര്‍ശന നടപടിയെടുത്തിട്ടുണ്ട്. കണ്ടെത്തുന്നത് ചെറിയ ക്രമക്കേടാണെങ്കിലും ഇത്തരം കണ്ടെത്തലുകള്‍ ജാഗ്രത പാലിക്കണമെന്ന പൊതുബോധം ഉണ്ടാക്കാന്‍ സാധിക്കുമെന്നും   അഴിമതിയുടെ ഭാഗമായുളള കണ്ടെത്തലുകളുമായി പിന്തിരിപ്പിക്കലൊ തടസ്സങ്ങളൊ ഇല്ലാതെ വിജിലന്‍സിന് ദൃഢതയോടെ മുന്നോട്ട് പോകാനുളള അവസ്ഥ സംസ്ഥാനത്തുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
പാലക്കാട് ജില്ലാ പബ്ലിക്ക് ലൈബ്രറി ഹാളിനടുത്തുളള വേദിയില്‍ നടന്ന പരിപാടിയില്‍ നിയമസാംസ്‌കാരിക പട്ടികജാതിപട്ടികവര്‍ഗ്ഗവകുപ്പ് മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനായി. ജലവിഭവ വകുപ്പു മന്ത്രി കെ.കൃഷ്ണന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി. ഷാഫി പറമ്പില്‍ എം.എല്‍.എ,  നിയുക്ത എം.പി വി.കെ ശ്രീകണ്ഠന്‍ , ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ കെ. ശാന്തകുമാരി, ജില്ലാ കലക്ടര്‍ ഡി.ബാലമുരളി, വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ പോലീസ് സൂപ്രണ്ട് ജെ. ഹിമേന്ദ്രനാഥ്, വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് എച്ച്. വെങ്കിടേഷ്, വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബൂറോ എ.ഡി.ജി.പി അനില്‍ കാന്ത്, വാര്‍ഡ് കൗണ്‍സിലര്‍ വി. രഞ്്ജിത്ത്, പി.ഡബ്ല്യു.ഡി സൂപ്രണ്ടിഗ് എഞ്ചിനീയര്‍ സൈജ മോള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.