ക്രമസമാധാനപാലനത്തില്‍ കേരളം മികച്ച മാതൃകയാണെന്നും വര്‍ഗ്ഗീയകലാപങ്ങള്‍ ഇല്ലാതത്തുമായ രാജ്യത്തെ ഏക സംസ്ഥാനം കേരളമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ- നിയമ-സാംസ്‌ക്കാരിക-പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. പാലക്കാട് ജില്ലാ പബ്ലിക്ക് ലൈബ്രറിക്ക് സമീപം പ്രവര്‍ത്തിക്കുന്ന വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വികസനത്തിന്റെ ഫലം എല്ലാ വ്യക്തികള്‍ക്കും തുല്യമായി ലഭിക്കത്തക്കവിധം അഴിമതി വിമുക്തമായ ഒരു സമൂഹത്തില്‍ അഴിമതിക്കെതിരെ മികച്ച സംസ്‌കാരം വളര്‍ത്തുകയാണ് വകുപ്പിന്റെ ലക്ഷ്യമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. വിവിധ വകുപ്പുകളുടെ നിരവധി സേവനങ്ങള്‍ ഓണ്‍ലൈന്‍ സംവിധാനമാക്കിയതോടെ അഴിമതി ഗണ്യമായി കുറഞ്ഞതായി മന്തി അറിയിച്ചു. ജില്ലയില്‍ വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഇന്നേവരെയില്ലാത്ത അടിസ്ഥാന സൗകര്യങ്ങളും ശാസ്ത്രീയമായ രീതിയിലുള്ള കേസന്വേഷണവും സംവിധാനങ്ങളും സജ്ജമാക്കുന്ന പുതിയ ഓഫീസിന് വലിയ പ്രധാന്യമുണ്ടെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍-പൊതുമേഖല ജീവനക്കാര്‍ നടത്തുന്ന അഴിമതികള്‍, പൊതു സേവകരുടെ കുറ്റങ്ങള്‍, പൊതുമുതല്‍ ദുരുപയോഗം, വരുമാനത്തില്‍ കവിഞ്ഞ സമ്പാദ്യം, രേഖകളിലെ കൃത്രിമം ഇവ സംബന്ധിച്ചുള്ള പരിശോധനകള്‍  ഫലപ്രദമായി നടക്കുന്നുണ്ട്.

അഴിമതി എല്ലാ തലത്തിലും ഇല്ലാതാക്കുമെന്ന്  ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാന  നയപ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ സീറോ ടോളറന്‍സ് കറപ്ഷന്‍ എന്ന ലക്ഷ്യത്തിനായി ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുകയാണ് സര്‍ക്കാരെന്നും മന്ത്രി പറഞ്ഞു. അഴിമതിക്കാരെ നിയമത്തിനുമുന്നില്‍ എത്തിച്ച് സംസ്ഥാനത്തെ അഴിമതി രഹിതമാക്കുവാന്‍ നിരന്തര പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച് രാജ്യത്തിന് മാതൃകയാവുകയാണ് വകുപ്പ്.  സേവന സന്നദ്ധതയോടെ പ്രവര്‍ത്തിക്കുകയും പൊതുജനങ്ങളോട് മാന്യമായി പെരുമാറുകയും അഴിമതിയ്ക്ക് വശംവദരാക്കാതിരിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരാണ് സേനയില്‍ ഉള്ളത്. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

       വിജിലന്‍സ്, പോലീസ് സേനകളെ ശക്തിപ്പെടുത്തേണ്ടത് പൊതുസമൂഹത്തിന്റെ ആവശ്യമാണെന്ന് യോഗത്തില്‍ മുഖ്യാതിഥിയായിരുന്ന
ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു.