ഒരു പുതിയ കേരളത്തിന്റെ സൃഷ്ടിക്കായുള്ള പരിശ്രമമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. തിരുവമ്പാടി പഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവ കേരള സൃഷ്ടി പുതിയ കാലഘട്ടത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതുമാകണം. എല്ലാ വിഭാഗം ജനങ്ങള്‍ക്കും സാര്‍വ്വത്രികമായി, നീതിപൂര്‍വം വികസനം വിതരണം ചെയ്യുന്ന സമ്പ്രദായമായിരിക്കണം. ഇത്തരത്തിലുള്ള വികസന പദ്ധതികളാണ് സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നത്.
സ്വാഭാവികമായും സര്‍ക്കാറിന്റെ വാര്‍ഷിക പദ്ധതിയിലൂടെ നമുക്ക് ഇത് നേടിയെടുക്കാനാവില്ല. പെന്‍ഷനും ശമ്പളവും നല്‍കികഴിഞ്ഞാല്‍ വികസന പ്രവര്‍ത്തനത്തിന് കാര്യമായി മാറ്റിവെക്കാനില്ല എന്നതാണ് സ്ഥിതി. ജിഎസ്ടി വന്നപ്പോള്‍ സംസ്ഥാനത്തെ ട്രഷറി പോലും പരുങ്ങലിലാകുന്ന സാഹചര്യമുണ്ടായി. കടമെടുക്കാനനുള്ള പരിധിക്കപ്പുറത്തേക്ക് കടമെടുക്കാനാവില്ലെന്ന സാഹചര്യത്തിലാണ് വികസനത്തിനായി പുതിയ പദ്ധതികള്‍ക്ക് ബഡ്ജറ്റിന് പുറത്ത് നിന്ന് കടമെടുക്കാന്‍ തീരുമാനിച്ചത്. മെട്രോ റെയില്‍ ഉണ്ടാക്കിയതും ഇത്തരത്തിലാണ്. അതിനാല്‍ ഇത് പുതിയ കാര്യമല്ല. രണ്ടു വര്‍ഷം മുമ്പ് പ്രഖ്യാപിച്ച 50,000 കോടിയുടെ കിഫ്ബി പദ്ധതിയില്‍ ഇന്ന് പലതും യാഥാര്‍ഥ്യമായെന്നും മന്ത്രി പറഞ്ഞു.
ജോര്‍ജ് എം തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ ദേവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുക്കം നഗരസഭ ചെയര്‍മാന്‍ വി കുഞ്ഞന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി കെ കാസിം, അന്നമ്മ മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഏലിയാമ്മ ജോര്‍ജ്ജ്, ആന്‍സി സെബാസ്റ്റിയന്‍, പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, വി കെ പീതാംബരന്‍, ബാബു കെ പൈക്കാട്ട്, അബ്ദുല്‍സമദ് പൂക്കോടന്‍, സുരേന്ദ്രന്‍, ജോയി മ്ലാക്കുഴി, മോഹനന്‍,അബ്രഹാം മാനുവല്‍, ഷിനോയ് അടക്കാപ്പാറ, സുനില്‍ മുട്ടത്തുകുന്നേല്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ഗീതാ വിനോദ് നന്ദിയും പറഞ്ഞു.