ജില്ലയിലെ പനങ്ങാട്, ചങ്ങരോത്ത്, കുറുവങ്ങാട് പ്രദേശങ്ങളില്‍ മഞ്ഞപ്പിത്ത കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ.വി അറിയിച്ചു. ജില്ലാതല ദ്രുതകര്‍മ്മസേന ഈ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തുകയും ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു.  ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം പ്രോഗ്രാം ഓഫീസര്‍മാര്‍ക്കു പ്രത്യേകം ബ്ലോക്കുകളുടെ ചാര്‍ജുകള്‍ നല്‍കി.

കേസുകള്‍ തുടരെ റിപ്പോര്‍ട്ട്  ചെയ്യപ്പെടുന്ന സാഹചര്യത്തില്‍  മഞ്ഞപ്പിത്തത്തിനെതിരെ എല്ലാവരും മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ഡി.എം.ഒ അഭ്യര്‍ഥിച്ചു.    മലിന ജലത്തിലൂടെയും ആഹാര സാധനങ്ങളിലൂടെയും ആണ് മഞ്ഞപ്പിത്ത രോഗം പകരുന്നത്.  റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ ഭൂരിഭാഗവും ആഘോഷങ്ങളിലും സല്‍ക്കാരങ്ങളിലും പങ്കെടുത്ത് പാനീയങ്ങളുള്‍പ്പെടെയുള്ള ഭക്ഷണസാധനങ്ങള്‍ കഴിച്ചവര്‍ക്കാണ്.  രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ അടുത്ത ആരോഗ്യകന്ദ്രത്തില്‍ വിവരമറിയിക്കേണ്ടതും  ചികിത്സ തേടേണ്ടതുമാണ്.

പനി, തലവേദന, വയറുവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദ്ദി, വിശപ്പില്ലായ്മ, മൂത്രത്തിന് നിറവ്യത്യാസം, കണ്ണിന് മഞ്ഞനിറം തുടങ്ങിയവയാണ് പ്രാഥമികലക്ഷണങ്ങള്‍. സ്വയം ചികിത്സയ്ക്ക് വിധേയരാവരുത്. പൂര്‍ണ്ണ വിശ്രമം എടുക്കേണ്ടതും എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കേണ്ടതുമാണ്.

സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍:
– വ്യക്തിശുചിത്വം, ആഹാരശുചിത്വം, പരിസരശുചിത്വം പാലിക്കുക
– തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക
– തണുത്തതും പഴകിയതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക
– മലമൂത്ര വിസര്‍ജ്ജനത്തിന് ശേഷം കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക
– പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക
– രോഗം ബാധിച്ചവരും ഭേദമായവരും ആഹാരപദാര്‍ത്ഥങ്ങള്‍ കൈകാര്യം ചെയ്യാതിരിക്കുക
– തുറസായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്താതിരിക്കുക
– കുടിവെള്ള സ്രോതസുകള്‍ ശുദ്ധീകരിക്കുക
– യാത്രാവേളകളില്‍ കുടിവെള്ളം കരുതുക
– സല്‍ക്കാരങ്ങള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കും ഒരാഴ്ച മുമ്പേ വിവരം – ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുകയും പാകം ചെയ്യുന്നതിന് ഉപയോഗിക്കുന്ന വെള്ളം ശുദ്ധീകരിച്ചു എന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.
– പ്ലേറ്റുകള്‍, ഗ്ലാസുകള്‍, പാത്രങ്ങള്‍ ചുടുവെള്ളത്തില്‍ കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.