ഉള്ളൂര്‍ – മെഡിക്കല്‍ കോളേജ് റോഡിലെ ഗതാഗത കുരുക്ക് പരിഹരിക്കുവാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുവാന്‍ തീരുമാനം. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതോദ്യോഗസ്ഥരുടെ യോഗത്തില്‍ വഴിയാത്രികര്‍ക്കും വാഹനങ്ങള്‍ക്കും തടസ്സം സൃഷ്ടിക്കുന്ന വഴിയോരകച്ചവടവും അനധികൃത പാര്‍ക്കിംഗും നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനിച്ചു.

ഫുട്പാത്തില്‍ കാല്‍നടയാത്രക്കാര്‍ക്ക് തടസം സൃഷ്ടിച്ചുകൊണ്ടുള്ള കച്ചവടം ഒഴിപ്പിക്കുവാനും മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന റോഡിലെ പാര്‍ക്കിങ് ഒഴിവാക്കുവാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. ഈ ഭാഗത്തെ റോഡിന്റെ അറ്റകുറ്റപണികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ റോഡ് ബോര്‍ഡ് ഫണ്ടിനെ ചുമതലപ്പെടുത്തി.  എമര്‍ജന്‍സി കോറിഡോര്‍ എന്നറിയപ്പെടുന്ന ഉള്ളൂര്‍-മെഡിക്കല്‍ കോളേജ് റോഡ് കഴിഞ്ഞ കുറച്ചു നാളുകളായി ഗതാഗത കുരുക്കില്‍ അമര്‍ന്ന് ആംബുലന്‍സുകള്‍ക്ക് പോലും തടസം സൃഷ്ടിക്കുന്ന അവസ്ഥയാണുണ്ടായിരുന്നത്. ഇതേ തുടര്‍ന്നാണ് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ചേര്‍ത്തത്.