കുടുംബശ്രീ പ്രസ്ഥാനത്തിലെ നാഴികക്കല്ലാണ് കുടുംബശ്രീ മാട്രിമോണി പദ്ധതിയെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. ജില്ലയിലെ കുടുംബശ്രീ മാട്രിമോണിയല്‍ ശാഖ ജില്ലാ പഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ. ഏറ്റവും മികച്ച രീതിലുളള ജീവിത പങ്കാളിയെ കണ്ടെത്തിക്കൊടുക്കാന്‍ കഴിയുന്നത് സ്ത്രീകള്‍ക്കാണ്. സ്ത്രീ ശാക്തീകരണം എന്നത് കുടുബശാക്തീകരണം കൂടിയാണ്. വിവാഹവുമായി ബന്ധപ്പെട്ട് വിശ്വസ്ത സേവനം ലഭ്യമാക്കാന്‍ കുടുബശ്രീയുടെ നൂതന പദ്ധതിയിലൂടെ കഴിയുമെന്നും എംഎല്‍എ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണദേവി ആധ്യക്ഷത വഹിച്ച ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ വിധു മുഖ്യപ്രഭാഷാണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എലിസബത്ത് അബു, വിനീത അനില്‍, കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാരായ വി.എസ് സീമ, കെ.എച്ച് സലീന, എ.മണികണ്ഠന്‍, അജിത് കുമാര്‍, കുടുംബശ്രീ മാട്രിമോണി ഡയറക്ടര്‍ സിന്ധു ബാലന്‍, കുടുംബശ്രീ പ്രോഗ്രാം മാനേജര്‍ എലിസബത്ത്.ജി കൊച്ചില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
  ജില്ലയിലെ കുടുംബശ്രീ മിഷന്‍ പരിശീലന കേന്ദ്രമായ സ്റ്റെം-ഇന്‍സിനാണ് (സ്‌കില്‍ ട്രെയിനിംഗ് എംപവര്‍മെന്റ് ആന്‍ഡ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്) കുടുംബശ്രീ മാട്രിമോണിയുടെ ചുമതല. സംസ്ഥാനത്ത് മുഴുവന്‍ കുടുംബശ്രീ മാട്രിമോണിയുടെ സേവനം ലഭ്യമാണ്.
കുടുംബശ്രീ അംഗങ്ങള്‍ നേരിട്ട് നടത്തുന്ന സംരംഭമായതിനാല്‍ അപേക്ഷകരുടെ വിശദവിവരങ്ങള്‍ പരിശോധിച്ച ശേഷം മാത്രമാണ് തുടര്‍നടപടികള്‍ സ്വീകരിക്കുക. വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്ന ഒരു കുടുംബവും ചതിക്കുഴിയില്‍ വീഴരുതെന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ വിവാഹ ബ്യൂറോയുമായി രംഗത്തിറങ്ങുന്നത്.
കുടുംബശ്രീയുടെ സൂക്ഷ്മസംരംഭമായ മാട്രിമോണിയലിലൂടെ അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ അവരുടെ മക്കള്‍ക്കും സഹോദരങ്ങള്‍ക്കും വധൂവരന്‍മാരെ കണ്ടെത്താന്‍ സാധിക്കും. ജാതിമതഭേദമന്യേ ആര്‍ക്കും കുടുംബശ്രീ മാട്രിമോണിയലില്‍ രജിസ്റ്റര്‍ ചെയ്യാം. സ്ത്രീകള്‍ക്ക് രജിസ്‌ട്രേഷന്‍ സൗജന്യമാണ്. പുരുഷന്‍മാര്‍ക്ക് 1000 രൂപയാണ് ഫീസ്. അപേക്ഷകര്‍ക്ക് www.kudumbashreemtarimonial.comഎന്ന വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം. മാട്രിമോണിയലില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ കുടുംബം, വിദ്യാഭ്യാസം, ജോലി, സാമൂഹ്യപശ്ചാത്തലം, പോലീസ് കേസുണ്ടോ തുടങ്ങിയ വിവരങ്ങള്‍ എല്ലാം അന്വേഷിക്കും. ഇവ മനസിലാക്കിയ ശേഷമേ സൈറ്റില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുകയുളളൂ. അതിനായി കുടുംബശ്രീയുടെ റിസോഴ്‌സ് പേഴ്‌സണ്‍മാരെ നിയോഗിച്ചിട്ടുണ്ട്.