ആലുവ: സാമൂഹിക മാധ്യമങ്ങളിൽ പലതരം ചലഞ്ചുകളും കാണാറുണ്ട്. എന്നാൽ സ്വന്തം മുറ്റത്ത് പച്ചക്കറി നടുന്ന ചലഞ്ച് ഏറ്റെടുക്കാൻ തയ്യാറുണ്ടോയെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽ കുമാർ.

സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ചൂർണിക്കര ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടത്തുന്ന ഞാറ്റുവേല ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സ്കൂളിൽ നിന്നും കോളേജിൽ നിന്നും പഠിച്ച് ഇറങ്ങുന്നവർ കളക്ടറായാൽ ആദരിക്കുന്നത് പോലെ നല്ല കർഷകാനായാലും ആദരിക്കണമെന്നും കർഷകർക്കായിരിക്കണം പ്രഥമ പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രി വി.എസ്. സുനിൽ കുമാർ തേൻവരിക്ക തൈ നട്ടു കൊണ്ടായിരുന്നു ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ അൻവർ സാദത്ത് എം എൽ എ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി സൂചിപ്പിച്ച ‘വെജിറ്റബിൾ ചലഞ്ച് ‘ ഏറ്റെടുക്കാൻ തയ്യാറായ അൻവർ സാദത്ത് എം എൽ എ യ്ക്ക് ചടങ്ങിൽ മന്ത്രി വി.എസ് സുനിൽ കുമാർ പച്ചക്കറിതൈ കൈമാറി. ഞാറ്റുവേലയുടെ മഹത്വം അറിയണമെന്നും പ്രകൃതിയും -മനുഷ്യനും മണ്ണും -മനുഷ്യനും തമ്മിലുള്ള ബന്ധം കൃഷിയിലൂടെ പുന:സ്ഥാപിക്കാൻ കഴിയട്ടെയെന്നും മന്ത്രി പറഞ്ഞു.

എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച ജൈവ കാർഷിക പഞ്ചായത്തായ വരാപ്പുഴ പഞ്ചായത്തിന് ജൈവ മണ്ഡലം അവാർഡ് നൽകി.

വാഴ കൃഷിയും മൂല്യവർധിത ഉൽപ്പന്നങ്ങളും എന്ന വിഷയത്തിൽ ഡോക്ടർ അനിത ചെറിയാൻ, ഡോക്ടർ സുമ എന്നിവർ സെമിനാർ അവതരിപ്പിച്ചു.

22, 23, 24 തീയതികളിലായി കാർഷിക വിപണന മേളയും കാർഷിക സെമിനാറും നടക്കും. കാർഷിക വകുപ്പിലെ വിവിധ ഫാമുകൾ, കാർഷിക സർവ്വകലാശാല, വി.എഫ്.പി.സി.കെ., കൃഷി വിജ്ഞാൻ കേന്ദ്ര തുടങ്ങിയ സ്ഥാപനങ്ങളിൽ ഉൽപാദിപ്പിക്കുന്ന ഗുണമേന്മയുള്ള വിത്തുകളും നടീൽ വസ്തുക്കളും ഞാറ്റുവേല ചന്തയിൽ ലഭ്യമാണ്‌.

ചൂർണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബാബു പുത്തനങ്ങാടി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൾ മുത്തലിബ്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുംതാസ് ടീച്ചർ, ചൂർണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബീന അലി, ജനപ്രതിനിധികൾ, മുതിർന്ന കർഷകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.