കുടുംബശ്രീ ജില്ലാ മിഷനും അക്ഷരമുറ്റം റസിഡന്റ്‌സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച പ്രതീക്ഷ-2017 തൊഴില്‍മേളയ്ക്ക് മികച്ച പ്രതികരണം. പങ്കെടുത്ത 523 പേരില്‍ 137 പേരെ ആദ്യഘട്ടമായി തിരഞ്ഞെടുത്തു. ഇവര്‍ക്ക് പരിശീലനം നല്‍കി തൊഴില്‍ ഉറപ്പാക്കും.
നീരാവില്‍ എസ്.എന്‍.ഡി.പി യോഗം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന മേള മേയര്‍ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്. ഗീതാകുമാരി അധ്യക്ഷയായി.
ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ മുഖ്യാതിഥിയായിരുന്നു. ഡി.ഡി.യു.ജി.കെ.വൈ നൈപുണ്യ വികസന പദ്ധതിയുടെ ബ്രോഷര്‍ ജില്ലാ കലക്ടര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അനില്‍കുമാറിന് നല്‍കി പ്രകാശനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.ആര്‍. ഗോപകുമാര്‍, ബി. പ്രശാന്ത്, തൃക്കടവൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് എ. അമാന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എ.ജി. സന്തോഷ്, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ വി.ആര്‍. അജു, അക്ഷരമുറ്റം റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ ജോര്‍ജ്ജ്കുട്ടി, എം. വഷ്ണുപ്രസാദ്, ഡി.ഡി.യു.ജി.കെ.വൈ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡി.എസ്. അരുണ്‍രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
തൊഴില്‍മേളയില്‍ 18 കമ്പനികള്‍ പങ്കെടുത്തു. കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും കുടുംബശ്രീ മിഷനും സംയുക്തമായി നടപ്പിലാക്കുന്ന ദീന്‍ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ കൗശല്യ യോജനയുടെ ഭാഗമായാണ് തൊഴില്‍മേള സംഘടിപ്പിച്ചത്.
മേളയോടനുബന്ധിച്ച് നടന്ന മൊബിലൈസേഷനില്‍ ദേശീയ ഗ്രാമവികസന മന്ത്രാലയം പദ്ധതിയുടെ ഭാഗമായ മൂന്ന് പരിശീലന സ്ഥാപനങ്ങളും ദീന്‍ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗശല്‍ യോജനയുടെ ഭാഗമായ ആറ് പരിശീലന സ്ഥാപനങ്ങളും പങ്കെടുത്തു.