ജില്ല കാര്‍ഷിക വികസന സമിതി യോഗം സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. പ്രഖ്യാപിച്ചതിനേക്കാള്‍ കൂടിയ വിലയ്ക്ക് നാളീകേരം സംഭരിക്കാന്‍ സംവിധാനം ഉണ്ടാക്കണമെന്നും സഹകരണ സംഘങ്ങളെ കൂടി നാളികേര സംഭരണപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ യോഗം തീരുമാനിച്ചു. കോഴിക്കോട് ജില്ലയെ കോക്കനട്ട് സോണായി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും മൂന്ന് പഞ്ചായത്തുകളില്‍ അതിനാവശ്യമായ ജനകീയ കമ്മിറ്റികള്‍ വിളിച്ചു ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. നാളീകേര കര്‍ഷകരെ പങ്കെടുപ്പിച്ചുള്ള ഈ പദ്ധതിയില്‍ കോഴിക്കോട് ജില്ലയിലെ കൂടുതല്‍ പഞ്ചായത്തുകളെ ഉള്‍പ്പെടുത്തണമെന്ന് സര്‍ക്കാറിനോടാവശ്യപ്പെടും. വിത്തുതേങ്ങയുടെ പണം ലഭിക്കേണ്ടുന്ന മുഴുവന്‍ കര്‍ഷകര്‍ക്കും അടിയന്തരമായി പണം നല്‍കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍ എംഎല്‍എ പി വിശ്വന്‍മാസ്റ്റര്‍, കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍, വൈസ് പ്രസിഡണ്ട് റീനമുണ്ടേങ്ങാട്ട്, വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.