പ്ലാസ്റ്റിക് വിമുക്ത ബ്ലോക്ക് പഞ്ചായത്ത് എന്ന ലക്ഷ്യത്തോടെ പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ പേപ്പര്‍ ക്യാരി ബാഗ് യൂണിറ്റ് ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്തിലെ 14 ഡിവിഷനുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 14 വനിതകള്‍ക്ക് തൊഴിലും ലഭിച്ചു. 13.5 ലക്ഷം രൂപയാണ് പദ്ധതി ചെലവ്.

അപേക്ഷാ കവര്‍, മരുന്നു കവര്‍, ബേക്കറി കവറുകള്‍, വലുതും ചെറുതുമായ എക്സ് റേ/ സ്‌കാന്‍ കവറുകള്‍ തുടങ്ങി വിവിധ വലുപ്പത്തിലുള്ള കവറുകള്‍ ഈ യൂണിറ്റില്‍ നിര്‍മിക്കും. സ്വയം പ്രവര്‍ത്തനക്ഷമമായ യന്ത്രം വഴി ഡബിള്‍ കളര്‍ ലേബല്‍ പ്രിന്റിംഗും സാധ്യമാണ്. ഇതുവഴി ഗുണഭോക്താക്കളുടെ ആവശ്യാനുസരണം വിവിധ തരത്തിലും വലിപ്പത്തിലുമുള്ള കളര്‍ പ്രിന്റോടു കൂടിയ കവറുകള്‍ നിര്‍മിച്ചു വിപണനം ചെയ്യാനും കഴിയുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍. സലൂജ പറഞ്ഞു.