മേപ്പറമ്പത്ത് ശ്യാമള ഇന്ന് ഏറെ സന്തോഷത്തിലാണ്. കഴിഞ്ഞ ഓഗസ്റ്റിലെ മഴയില്‍ തകര്‍ന്ന വീടിനു പകരം മറ്റൊരു മനോഹരമായ വീടാണ് ബേപ്പൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കെയര്‍ ഹോം പദ്ധതിയിലുള്‍പ്പെടുത്തി ശ്യാമളക്കായി നിര്‍മ്മിച്ച് നല്‍കിയത്.  “ഈ ഉപകാരത്തിനു എത്ര കടപ്പെട്ടിരിക്കുന്നു എന്നറിയില്ല. സര്‍ക്കാര്‍ നല്‍കിയ ഈ വീട്ടില്‍ ഏറെ സന്തോഷത്തിലാണ് ഞങ്ങള്‍. ഞങ്ങളുടെ ജീവിതമാണ് തിരികെ ലഭിച്ചത്”.  ബാങ്കും വലിയ സഹായമാണ് ചെയ്തതെന്ന് പറയുമ്പോള്‍ ശ്യാമളയുടെ വാക്കുകളില്‍ നിറയുന്നത് സ്നേഹം മാത്രം.
സംസ്ഥാന സര്‍ക്കാരിന്റെ കെയര്‍ ഹോം പദ്ധതിയിലുള്‍പ്പെടുത്തി ആറ് ലക്ഷം രൂപ ഉപയോഗിച്ചാണ് ബേപ്പൂര്‍ ഗോതീശ്വരത്ത് വീട് നിര്‍മ്മിച്ച് നല്‍കിയത്. ജൂണ്‍ 20 ന് പുതിയ വീടിന്റെ കരുതലിലേക്ക് അവര്‍ താമസം മാറി. ക്യാന്‍സര്‍ ബാധിച്ച് ഭര്‍ത്താവ് മരിച്ച്  കുറച്ചു ദിവസങ്ങള്‍ക്കുള്ളിലാണ് കാറ്റിലും മഴയിലും കട്ട കൊണ്ട് നിര്‍മിച്ച വീട് നിലം പറ്റിയത്. ആകെയുണ്ടായിരുന്ന സ്വര്‍ണ്ണവും പണവും ഉപയോഗിച്ച് ഗള്‍ഫിലേക്ക് ജോലി തേടി പോയ മകന്‍ തട്ടിപ്പിനിരയായി തിരിച്ചു വന്നതും ഈ സാഹചര്യത്തിലാണ്. വൃക്ക രോഗം ബാധിച്ച് ചികിത്സയിലായിരുന്ന  ശ്യാമളയ്ക്ക് ഇതെല്ലാം സാമ്പത്തികവും മാനസികവുമായ കഷ്ടതകള്‍ ആണ് നല്‍കിയത്. വീട് തകര്‍ന്ന്  ബന്ധുവീട്ടിലേക്ക് മാറിയ ശ്യാമളയും മകനും ഇന്ന് പുതിയവീട്ടില്‍ ഏറെ സംതൃപ്തരാണ്.
തകര്‍ന്നു പോയ വീട് പുനര്‍നിര്‍മ്മിക്കാന്‍ ഒരുപാട് വാതിലുകള്‍ മുട്ടിയെന്ന് ശ്യാമള പറയുന്നു. വീട് നഷ്ടപ്പെട്ടവര്‍ക്ക് അവ നല്‍കുന്നതിനായി കളക്ടറേറ്റില്‍ ചേര്‍ന്ന ചടങ്ങിലാണ് ശ്യാമളക്ക് വീട് അനുവദിച്ചത്. ഒരുപാട് ബാങ്കുകളില്‍ സഹായത്തിനായി ചെന്നെങ്കിലും ആരും ശ്യാമളക്ക്  ലോണ്‍ അനുവദിച്ചില്ല. വീട് അനുവദിക്കാമെന്ന സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് ബേപ്പൂര്‍ സര്‍വീസ് സഹകരണ ബാങ്ക് വീട് നിര്‍മ്മിച്ച് നല്‍കുകയായിരുന്നു. 500 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണ്ണമുള്ള വീട്ടില്‍ രണ്ട് കിടപ്പുമുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും ആണുള്ളത്.   ഭര്‍ത്താവിന്റെ വിയോഗത്തിന് ഒപ്പം വീടും നഷ്ടമായതോടെ ജീവിതം അവസാനിച്ചു എന്നു തോന്നിയിടത്തു നിന്നാണ് ഈ അറുപതുകാരിയെ   കെയര്‍ ഹോം പദ്ധതിയിലൂടെ  കരുതലിന്റെ തണലിലേക്ക് സംസ്ഥാന സര്‍ക്കാര്‍ കൈപിടിച്ചുയര്‍ത്തിയത്.