കൊച്ചി: സമഗ്ര ശിക്ഷ കേരള പറവൂർ ബ്ലോക്ക് റിസോഴ്സ് സെന്ററിന് കീഴിലുള്ള പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്കായി മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു. ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് ക്യാമ്പ് നടത്തുന്നത്. കാഴ്ച പരിമിതി, കേൾവി പരിമിതി, ചലന വൈകല്യം, അസ്ഥിരോഗ വൈകല്യം തുടങ്ങി വ്യത്യസ്ത വിഭാഗത്തിലുള്ള കുട്ടികൾക്കായി നടത്തിയ ക്യാമ്പ് പറവൂർ നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു.

വിവിധ സ്കൂളുകളിൽ നിന്നായി നൂറോളം വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുക്കാൻ എത്തി. കാഴ്ച പരിമിതി, കേൾവി പരിമിതി എന്നിവയ്ക്കുള്ള ക്യാമ്പാണ് ചൊവ്വാഴ്ച സംഘടിപ്പിച്ചത്. ചലനവൈകല്യം, അസ്ഥിരോഗ വൈകല്യം എന്നിവയ്ക്കുള്ള മെഡിക്കൽ ക്യാമ്പ് വ്യാഴാഴ്ച പറവൂർ ബിആർസി യിൽ വച്ച് നടക്കും. രവിപുരം ചൈതന്യ ആശുപത്രി, കുഴുപ്പിള്ളി മെഡിക്കൽ ട്രസ്റ്റ് എന്നിവിടങ്ങളിലെ ഡോക്ടർമാരും ടെക്നീഷ്യന്മാരും ആണ് ക്യാമ്പിൽ പങ്കെടുത്തത്.

പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി ചടങ്ങിന് അധ്യക്ഷത വഹിച്ചു. പറവൂർ എ.ഇ.ഒ ലത എ.എൻ, കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശാന്ത, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ പ്രമീള തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

ക്യാപ്ഷൻ: പറവൂർ ബി.ആർ.സിക്ക് കീഴിലുള്ള പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്കായി ആരംഭിച്ച മെഡിക്കൽ ക്യാമ്പ് പറവൂർ നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു