പുനഃനിര്‍മാണം 25 ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും
കൊച്ചി: ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ സന്ദര്‍ശനത്തെ തുടര്‍ന്ന് തേവര ജംഗ്ഷനെ തേവര ഫെറിയുമായി ബന്ധിപ്പിക്കുന്ന പണ്ഡിറ്റ് കറുപ്പന്‍ റോഡിന്റെ പുനഃനിര്‍മാണജോലികള്‍ തുടങ്ങി. ബുധനാഴ്ച്ച ഉച്ചയോടെ തേവര ഫെറി റോഡിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ച കളക്ടര്‍, റോഡിന്റെ ചുമതലയുള്ള കോര്‍പ്പറേഷന്‍ അധികൃതരെ വിളിച്ചുവരുത്തി നിര്‍മാണം പുനരാരംഭിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു. 25 ദിവസത്തിനുള്ളില്‍ റോഡ് പൂര്‍ണമായും ഗതാഗതയോഗ്യമാക്കണമെന്ന് കളക്ടര്‍ ആവശ്യപ്പെട്ടു.
പൈപ്പിടുന്നതിനായി കഴിഞ്ഞ ജനുവരിയിലാണ് തേവര റോഡില്‍ കുഴിയെടുത്തത്. പൈപ്പ് സ്ഥാപിച്ചതിന് ശേഷം കുഴി മണ്ണിട്ടു മൂടിയെങ്കിലും ടാര്‍ ചെയ്തില്ല. സേക്രഡ് ഹാര്‍ട്ട് കോളേജും ഹയര്‍ സെക്കണ്ടറി സ്‌കൂളും അടക്കം നിരവധി സ്ഥാപനങ്ങളും ആരാധനാലയങ്ങളുമുള്ള റോഡിന്റെ സ്ഥി സംബന്ധിച്ച് നിരവധി പരാതികളാണ് കളക്ടര്‍ക്ക് ലഭിച്ചിരുന്നത്. അപകടങ്ങളും ഈ റോഡില്‍ പതിവായിരുന്നു.