കൊച്ചി: വിദ്യാസമ്പന്നരായ യുവതീയുവാക്കളെ തൊഴില്‍ശേഷിയുള്ളവരാക്കി തീര്‍ക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം – അസാപ് കൊച്ചിയില്‍ ജൂണ്‍ 28ന് വിവിധ മേഖലകളിലെ വ്യവസായസ്ഥാപനങ്ങളുടെ സംഗമം സംഘടിപ്പിക്കുന്നു. വ്യവസായമേഖലയുടെ ആവശ്യത്തിനനുസരിച്ച് തൊഴില്‍ശേഷിയുള്ളവരെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംഗമം. ഇന്റേണ്‍ഷിപ്പ്, അധ്യയനരീതിയിലെ മാറ്റം, തൊഴിലധിഷ്ഠിത പഠനരീതി എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
സംഗമത്തിന്റെ ഉദ്ഘാടനം ജൂണ്‍ 28ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് പാലാരിവട്ടം ഹോളിഡേ ഇന്‍ ഹോട്ടലില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ നിര്‍വഹിക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, പഞ്ചായത്ത് വകുപ്പ് ഡയറക്ടര്‍ ബി.എസ്. തിരുമേനി, ജില്ലാ കളക്ടര്‍ എസ്. സുഹാസ്, വിവിധ വ്യവസായ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്ലേസ്‌മെന്റ് ഓഫീസര്‍മാര്‍, തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.