വിദ്യാര്‍ഥികളോട്  അപമര്യാദയായി പെരുമാറുന്ന ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പി ബി നൂഹ് പറഞ്ഞു. വിദ്യാര്‍ഥികളുടെ യാത്രാ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സ്ഥാപന മേധാവികള്‍ നല്‍കുന്ന യാത്രാ സൗജന്യ കാര്‍ഡും, കോളജ് വിദ്യാര്‍ഥികള്‍ക്ക് ആര്‍ടി ഒ നല്‍കുന്ന യാത്രാ സൗജന്യ കാര്‍ഡും ഉപയോഗിച്ച് സ്വകാര്യ ബസുകളില്‍ സൗജന്യയാത്ര അനുവദിക്കും. ഓഗസ്റ്റ് ഒന്നു മുതല്‍ 2019 -2020 അധ്യയന വര്‍ഷത്തെ എസ് ടി കാര്‍ഡുകള്‍ പ്രാബല്യത്തില്‍ വരും.

വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് അവധി ദിവസങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് യാത്രാസൗജന്യം അനുവദിക്കും. ആര്‍ടിഒയുടെ നേതൃത്വത്തില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിക്കും. എല്ലാ ബസുകളിലും കണ്‍സെഷന്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ അടങ്ങിയ പോസ്റ്ററുകള്‍ പതിക്കും.
പ്ലസ്ടു വരെയുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും സ്‌കൂളില്‍ നിന്ന് ഐഡി കാര്‍ഡ് ലഭ്യമാക്കുന്നതിന് കളക്ടര്‍ നിര്‍ദേശം നല്‍കി. ആര്‍ടിഒ, വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍, ബസ് ഉടമകള്‍ എന്നിവരെ ഉള്‍പ്പെടുത്തി വാട്സാപ്പ് കൂട്ടായ്മ ആരംഭിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
ബസ് സ്റ്റാന്‍ഡുകളില്‍ പോലീസ് നിരീക്ഷണം കര്‍ശനമാക്കും. സ്വകാര്യ ബസുകളിലെ 50 ശതമാനം സീറ്റുകള്‍ മറ്റു യാത്രക്കാര്‍ക്കായി അനുവദിക്കും. രാവിലെ 8.30 മുതല്‍ 10 വരെയും വൈകീട്ട് മൂന്നു മുതല്‍ 4.30 വരെയും ടിപ്പര്‍ ലോറികള്‍ നിരത്തില്‍ ഇറക്കരുത്. കണ്‍സെഷന്‍ ടിക്കറ്റ് എല്ലാ സബ് ആര്‍ടിഒ ഓഫീസുകളിലും വിതരണം ചെയ്യും. കോളജ് പ്രതിനിധികള്‍ക്ക് മാത്രമേ കാര്‍ഡ് നല്‍കുകയുള്ളൂ. സബ് ആര്‍ടിഒ ഓഫീസുകളില്‍ നിന്ന് റെഗുലര്‍ കോളജുകള്‍ക്കുള്ള കാര്‍ഡ് വിതരണം മാത്രമേ അനുവദിച്ചിട്ടുള്ളൂ.
മറ്റു വിദ്യഭ്യാസ സ്ഥാപനങ്ങളുടെ കോഴ്‌സുകളുടെ അംഗീകാരം സംബന്ധിച്ച്  ആര്‍ടിഒ, ബസ് ഉടമകള്‍, വിദ്യാര്‍ഥി സംഘടന പ്രതിനിധികള്‍ എന്നിവര്‍ സ്‌ക്രൂട്ടിനി കമ്മിറ്റി ചേര്‍ന്ന് പരിശോധിച്ച് കാര്‍ഡ് വിതരണം ചെയ്യുമെന്നും കളക്ടര്‍ പറഞ്ഞു. കണ്‍സെഷന്‍ കാര്‍ഡ് വാങ്ങാന്‍ ആര്‍ടിഒ ഓഫീസില്‍ വരുന്നവര്‍ പൈസ ബാങ്കില്‍ അടച്ചതിനു ശേഷം റസീപ്റ്റുമായി എത്തണം. ആര്‍ടിഒ ജിജി ജോര്‍ജ്, ബസ് അസോസിയേഷന്‍ പ്രതിനിധികള്‍,  കെഎസ് ആര്‍ടിസി പ്രതിനിധികള്‍, പോലീസ്, വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.