വയോജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാൻ നടപടിയെടുക്കുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ. വയോജന ജില്ലാ കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അവർ. ഇതിന്റെ ഭാഗമായി വൃദ്ധസദനങ്ങൾ സന്ദർശിച്ച് പരാതികൾ കേൾക്കും. അർഹമായ ഭക്ഷണം, മറ്റ് സൗകര്യങ്ങൾ എന്നിവ ലഭ്യമാകുന്നുണ്ടോ എന്നു പരിശോധിക്കും.
വയോജനങ്ങൾക്ക് പ്രത്യേക ക്യൂ സംവിധാനം ഏർപ്പെടുത്തണമെന്ന് എല്ലാ സർക്കാർ ആശുപത്രികൾക്കും നിർദേശം നൽകിയതായി ഡി.എം.ഒ ഡോ. ആർ രേണുക യോഗത്തെ അറിയിച്ചു. സ്വകാര്യ ബസ്സുകളിൽ 20 ശതമാനം സീറ്റ് നിർബന്ധമാക്കണമെന്നും ടയറിനു തൊട്ടു മുകളിൽ സംവരണം ചെയ്തിട്ടുള്ള സീറ്റ് മാറ്റാൻ നടപടി വേണമെന്നും കമ്മിറ്റി അംഗങ്ങൾ ആവശ്യപ്പെട്ടു.
വിനോദയാത്രയുമായി ബന്ധപ്പെട്ട വിഷയത്തിൽ സാമൂഹ്യനീതി ഡയറക്ടറുടെ അനുമതിക്കായി കത്ത് നൽകാൻ യോഗം തീരുമാനിച്ചു. സർക്കാർ ഗ്രാന്റ് ലഭിക്കുന്ന സ്ഥാപനങ്ങളിലെ അന്തേവാസികളെ വിനോദ യാത്രയിൽ പങ്കെടുപ്പിക്കും. വയോജന പെൻഷൻ എല്ലാ മാസവും അഞ്ചിനു മുമ്പായി ലഭ്യമാക്കാൻ സർക്കാരിനോട് ആവശ്യപ്പെടും. ജില്ലാ കമ്മിറ്റി യോഗം മൂന്നു മാസത്തിലൊരിക്കൽ നടത്താനും തീരുമാനമായി. സംസ്ഥാന വയോജന കൗൺസിൽ കൺവീനർ അമരവിള രാമകൃഷ്ണൻ വയോജന നയവും-ആക്റ്റും എന്ന വിഷയത്തിൽ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറിൽ നടന്ന യോഗത്തിൽ ജില്ലാ സാമൂഹ്യനീതി ഓഫിസർ പവിത്രൻ തൈക്കണ്ടി, ജില്ലാതല ഉദ്യോഗസ്ഥർ, ജില്ലാ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.