ദേശീയ കുളമ്പ് രോഗനിവാരണ യജ്ഞത്തിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന പ്രതിരോധ കുത്തിവയ്പ്പ് ജില്ലയില്‍ തുടങ്ങി. 109040 വളര്‍ത്തുമൃഗങ്ങള്‍ക്ക് മൂന്നാഴ്ച നീളുന്ന പരിപാടിയിലൂടെ കുത്തിവയ്പ്പ് നടത്തും.
വെളിയം ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലയില്‍ ക്ഷീര സംഘങ്ങളില്‍ പാല്‍ അളക്കുന്ന കര്‍ഷകര്‍ക്ക് ജില്ലാ പഞ്ചായത്ത് നല്‍കി വരുന്ന പാല്‍ സബ്‌സിഡി തുക വര്‍ധിപ്പിക്കുമെന്ന് ജില്ലാ പഞ്ചയത്ത് പ്രസിഡന്റ് കെ. ജഗദമ്മ പറഞ്ഞു.
മൃഗസംരക്ഷണ വകുപ്പിന്റെ 140 സ്‌ക്വാഡുകളാണ് വീടുകള്‍ സന്ദര്‍ശിച്ച് പശു, എരുമ, പന്നി തുടങ്ങിയവയ്ക്ക് കുത്തിവയ്പ്പ് നടത്തുന്നത്. ഉരു ഒന്നിന് അഞ്ച് രൂപ ഫീസ് ഈടാക്കുന്നു.
യജ്ഞത്തിന്റെ ഭാഗമായി അതിര്‍ത്തി കടത്തിയെത്തിക്കുന്ന ഉരുക്കളെ കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്. തെ•ല, കോട്ടവാസല്‍ ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തിപ്പെടുത്തി. നിയമപ്രകാരമുള്ള രോഗപ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തതും തടയുന്നതും ശിക്ഷാര്‍ഹമാണെന്ന ബോധവത്കരണവും പരിപാടിയുടെ ഭാഗമായി നല്‍കുന്നുണ്ട്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈല സലിംലാല്‍ അധ്യക്ഷയായി. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡി. അനില്‍കുമാര്‍  പദ്ധതി വിശദീകരിച്ചു. സംഘം പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണപിള്ള, ബ്ലോക്ക് പഞ്ചായത്ത് അംഗം മധു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. അജയകുമാര്‍, കെ. പവിഴവല്ലി, അനുരൂപ്, ഡോ. കെ.കെ. തോമസ്, ഡോ. ഡി. ഷൈന്‍കുമാര്‍, ഡോ. സജയ് എന്നിവര്‍ സംസാരിച്ചു.