സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ്, സ്വാശ്രയ പോളിടെക്‌നിക് കോളേജിലേക്കുള്ള ഒന്നാംവർഷ അഡ്മിഷന്റെ അവസാന അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് പ്രകാരം പ്രവേശനം ലഭിച്ചിരിക്കുന്ന മുഴുവൻ അപേക്ഷകരും ലഭിച്ച സ്ഥാപനങ്ങളിലും ബ്രാഞ്ചുകളിലും അഞ്ച്, ആറ് തിയതികളിൽ രാവിലെ ഒൻപത് മണിമുതൽ വൈകിട്ട് ആറ് മണിവരെ പ്രവേശനം നേടാം. ഇപ്രകാരം അഡ്മിഷൻ കിട്ടിയിട്ടും സ്ഥാപനങ്ങളിൽ പ്രവേശനം നേടാതിരുന്നാൽ അവർ പ്രവേശന പ്രക്രിയയിൽ നിന്നും പുറത്താവും. നേരത്തെ ഉയർന്ന ഓപ്ഷനുവേണ്ടി താൽക്കാലിക അഡ്മിഷൻ എടുത്തവർ ഈ ലിസ്റ്റ് പ്രകാരം കിട്ടിയ സ്ഥാപനങ്ങളിൽ പ്രവേശനം നേടിയില്ലെങ്കിൽ അഡ്മിഷൻ പ്രക്രിയയിൽ നിന്നും പുറത്താവും. അഡ്മിഷൻ എടുത്തവർക്ക് അവരുടെ ഉയർന്ന ഓപ്ഷനുകൾക്കുവേണ്ടി നോഡൽ പോളിടെക്‌നിക്കുകളിൽ ഒൻപത്, പത്ത് തിയതികളിൽ നടക്കുന്ന സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജൂലൈ ഏഴ്, എട്ട് തിയതികളിൽ www.polyadmission.org എന്ന വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണം. ജൂലൈ എട്ടിന് വൈകിട്ട് മൂന്നുവരെ മാത്രമേ അതത് ജില്ലകളിലെ സ്ഥാപനങ്ങളിലേക്ക് രജിസ്‌ട്രേഷൻ നടത്താനാകൂ. എട്ടിന് വൈകിട്ട് നാലുമണിക്ക് സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കേണ്ടവരുടെ ലിസ്റ്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. അപേക്ഷകർക്ക് ഒന്നിൽ കൂടുതൽ ജില്ലകളിലേക്ക് സ്‌പോട്ട് അഡ്മിഷന് രജിസ്റ്റർ ചെയ്യുകയും അസൽ സർട്ടിഫിക്കറ്റുകൾ ഏതെങ്കിലും ഒരു സ്ഥലത്ത് സമർപ്പിക്കുകയും ചെയ്യാം. മറ്റു സ്ഥാപനങ്ങളിൽ അധികാരപ്പെടുത്തിയ പ്രതിനിധിയെ പ്രോസ്‌പെക്ടസിൽ പറഞ്ഞിട്ടുള്ള പ്രോക്‌സി ഫോമിൽ അധികാരപ്പെടുത്തി അയക്കാം. കൂടുതൽ വിവരങ്ങൾക്ക് www.polyadmission.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.