*വിജെടി ഹാളിൽ ആറിന് വൈകിട്ട് ആറ് മണിക്ക്

കെ. പി. എ. സിയുടെ പ്രശസ്തമായ നാടകം മുടിയനായ പുത്രൻ വിജെടി ഹാളിൽ അരങ്ങേറുന്നു. ജൂലൈ ആറിന് വൈകിട്ട് ആറു മണിക്കാണ് നാടകം. സി. കേശവന്റെ അമ്പതാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പാണ് നാടകത്തിന് വേദിയൊരുക്കുന്നത്.
1957ലാണ് തോപ്പിൽ ഭാസി രചനയും സംവിധാനവും നിർവഹിച്ച മുടിയനായ പുത്രൻ ആദ്യം വേദിയിലെത്തുന്നത്. ഭൂവുടമയിൽ അധിഷ്ഠിതമായ സാമൂഹിക രാഷ്ട്രീയ വ്യവസ്ഥിതിയിൽ തെമ്മാടിയാകേണ്ടി വന്നയാൾക്ക് സ്‌നേഹത്തിലൂടെ മാനസാന്തരം സംഭവിക്കുന്നതാണ് നാടകത്തിന്റെ പ്രമേയം. തോപ്പിൽ ഭാസിക്ക് പുറമെ ഗാനങ്ങളെഴുതിയ ഒ. എൻ. വി കുറുപ്പ്, സംഗീതം ചെയ്ത ദേവരാജൻ മാഷ്, രംഗപടം തീർത്ത ആർട്ടിസ്റ്റ് കേശവൻ, മുടിയനായ പുത്രൻ കളീക്കൽ രാജനെ ആദ്യമായി അവതരിപ്പിച്ച ഒ. മാധവൻ, പിന്നീട് വന്ന കെ. പി. ഉമ്മർ തുടങ്ങി നിരവധി മഹാരഥൻമാർ അണിനിരന്ന നാടകമായിരുന്നു ഇത്. ചെപ്പുകിലുക്കണ ചങ്ങാതി…., അമ്പിളിയമ്മാവാ, താമരക്കുമ്പിളിലെന്തുണ്ട്…., ഇല്ലിമുളംകാടുകളിൽ…. തുടങ്ങിയ ഗാനങ്ങൾ ഈ നാടകത്തോളം തന്നെ പ്രശസ്തമായിരുന്നു.
രാജ്കുമാർ എന്ന നടനാണ് ഇപ്പോൾ കളീക്കൽ രാജന്റെ വേഷമിടുന്നത്. 20 വർഷം മുമ്പ് ഇരുപത്തിരണ്ടാമത്തെ വയസിൽ കളീക്കൽ രാജന്റെ വേഷമിട്ടു തുടങ്ങിയതാണ് രാജ്കുമാർ. ഒരിടവേളയ്ക്കു ശേഷം കഴിഞ്ഞ വർഷം മുടിയനായ പുത്രൻ കെ. പി. എ. സി അരങ്ങിലെത്തിക്കാൻ തീരുമാനിച്ചപ്പോൾ രാജ്കുമാറിന് വീണ്ടും വേഷമിടാൻ അവസരമൊരുങ്ങുകയായിരുന്നു.
1957ലെ കേരളത്തിന്റെ സാമൂഹ്യ വ്യവസ്ഥിയിയും നാടകം വിശദമാക്കുന്നു. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം കഴിഞ്ഞാൽ കെ. പി. എ. സി ഏറ്റവുമധികം വേദികളിൽ അവതരിപ്പിച്ചത് മുടിയനായ പുത്രനാണ്. ഇതിന്റെ നാടകഗ്രന്ഥത്തിന് സാഹിത്യ അക്കാഡമി അവാർഡും നാടകത്തിന്റെ സിനിമരൂപത്തിന് പ്രസിഡന്റിന്റെ വെള്ളി മെഡലും ലഭിച്ചിട്ടുണ്ട്.
മെഹമൂദ് കുറുവ, കലേഷ്, നകുലൻ, കനിതർയാദവ്, ശെൽവി, കെ. കെ. വിനോദ്, അനിത ശെൽവി, താമരക്കുളം മണി, സീതമ്മ വിജയൻ, സ്‌നേഹ എന്നിവരാണ് അരങ്ങിലെത്തുന്നത്. ആർട്ടിസ്റ്റ് സുജാതൻ രംഗശിൽപം നിർവഹിച്ചിരിക്കുന്നു. ആലപ്പി വിവേകാനന്ദനാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.