സേവനത്തിന് 100ലധികം ഡോക്ടര്‍മാര്‍; പങ്കെടുത്തത് 3600 പേര്‍

നൂറിലധിം ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി കുമരകം എസ്.കെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തത് 3600 പേര്‍. ആറു സൂപ്പര്‍ സ്‌പെഷ്യാലിറ്റികളും  പത്ത് സ്‌പെഷ്യാലിറ്റികളും  ഉള്‍പ്പെട്ട ക്യാമ്പ് കോട്ടയം ജില്ലാ ആരോഗ്യവകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ യൂണിറ്റ്, കുമരകം ഗ്രാമപഞ്ചായത്ത്, എസ്.കെ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവയാണ് ഏകോപിപ്പിച്ചത്. 

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊച്ചി, എറണാകുളം ജനറല്‍ ആശുപത്രി, കോട്ടയം കെ.ജി.എം.ഒ.എ, ഐ.എം.എ കോട്ടയം, ഏറ്റുമാനൂര്‍  ശാഖകള്‍, എന്നിവയാണ് ഡോക്ടര്‍മാരെ ക്യാമ്പില്‍ എത്തിച്ചത്. പങ്കെടുത്തവരില്‍ മരുന്ന് ആവശ്യമുള്ളവര്‍ക്ക് സൗജന്യമായി വിതരണം ചെയ്തു. തുടര്‍ചികിത്സ, ശസ്ത്രക്രിയ, ലാബോറട്ടറി സേവനങ്ങള്‍ എന്നിവ ബി.പി.സി.എലും സൗത്ത് ഇന്ത്യന്‍ ബാങ്കും സ്‌പോണ്‍സര്‍ ചെയ്യും. 

സുരേഷ് കുറുപ്പ് എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ജസിമോള്‍ മനോജ് അധ്യക്ഷത വഹിച്ചു. കൊച്ചി ഐ.എം.എ. പ്രസിഡന്റ് ഡോ. ജുനൈദ് റഹ്മാന്‍ വിഷയവതരണം നടത്തി.  കൊച്ചി റിഫൈനറി എക്‌സിക്യുട്ടിവ് ഡയറക്ടര്‍ പ്രസാദ് പണിക്കര്‍ മുഖ്യാതിഥിയായിരുന്നു. 

ഏറ്റുമാനൂര്‍ ബോക്ക് പ്രസിഡന്റ് ബീനാ ബിനു, കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എ.പി. സലിമോന്‍, തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജസി നൈനാന്‍,  ജില്ലാ പഞ്ചായത്ത് അംഗം ജയേഷ് മോഹന്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി. ബിന്ദു, കുമരകം ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജയ്‌മോന്‍ മറുതാച്ചിക്കല്‍, കെ.പി. സന്തോഷ് കുമാര്‍,  പഞ്ചായത്ത് അംഗങ്ങളായ വി.എന്‍. ജയകുമാര്‍, കെ.എസ്. സലിമോന്‍, ഐ.എം.എ കേരള പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസ്, ഡി.എം.ഒ. ഡോ. ജേക്കബ് വര്‍ഗീസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, കെ.ജി.എം.ഒ.എ പ്രതിനിധി ഡോ. പ്രവീണ്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.ആര്‍. രാജേഷ് എസ്.കെ.എം ദേവസ്വം പ്രസിഡന്റ് വി.പി. അശോകന്‍ എന്നിവര്‍ പങ്കെടുത്തു.