പുലപ്രക്കുന്ന് കോളനിയിലുള്ളവർക്ക് വീട് ആറുമാസത്തിനുള്ളിൽ നിർമ്മിച്ച് നൽകുമെന്ന്  മന്ത്രി ടി പി രാമകൃഷ്ണൻ. നരക്കോട് എ എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ കോളനിയിലെ 9 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. കോളനിയുടെ സമഗ്ര വികസനത്തിന്റെ പ്രവർത്തി  ഉദ്ഘാടനവും ചടങ്ങിൽ നടന്നു.  കോളനിയിലേക്കുള്ള റോഡ് നിർമാണവും കോളനിവാസികളുടെ വീട് നിർമാണവും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിയെയാണ് ഏൽപ്പിച്ചിരിക്കുന്നത്. ആറു മാസത്തിനകം നിർമ്മാണം പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.  കോളനിയിലെ ജല ലഭ്യതയും ഉറപ്പാക്കും.

പഞ്ചായത്തും ജില്ലാ ഭരണകൂടവും സർക്കാരും പ്രത്യേക താൽപര്യമെടുത്ത് യുദ്ധകാല അടിസ്ഥാനത്തിൽ ആണ് കോളനി നിവാസികൾക്ക്  പട്ടയവിതരണത്തിനുള്ള നടപടികൾ എടുത്തത്. കോളനി നിവാസികൾക്കുള്ള റേഷൻ കാർഡ് വിതരണവും ഇതിനിടെ ഉറപ്പാക്കിയിരുന്നു. പുലപ്രക്കുന്ന് കോളനിയുടെ സമഗ്ര വികസനത്തിന് സർക്കാരിൻറെ എല്ലാ പിന്തുണയും ഉണ്ടെന്ന് മന്ത്രി പറഞ്ഞു. കോളനിയിലെ അംഗങ്ങൾ ഉൾപ്പെട്ട ഏര് എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് കോളനിയിലെ പ്രശ്നങ്ങൾ സർക്കാരിൻറെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ജില്ലയിൽ പിന്നോക്കം നിൽക്കുന്ന പട്ടികജാതി/ പട്ടികവർഗ്ഗ കോളനികളെ കണ്ടെത്തി സമഗ്ര വികസനത്തിനായി ജില്ലാഭരണകൂടം പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട് എന്ന് ജില്ലാ കലക്ടർ സാംബശിവറാവു പറഞ്ഞു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ കുഞ്ഞിരാമൻ അധ്യക്ഷനായിരുന്നു. കോളനിയിലെ 11 കുടുംബങ്ങളില്‍ ഒരാള്‍ക്ക് ഭൂമിയും വീടും സംബന്ധിച്ച രേഖകള്‍ കൈവശമുണ്ട്.  ബാക്കിയുള്ള പത്തു കുടുംബങ്ങളില്‍ 9 പേരും  തങ്ങളുടെ കൈവശമുള്ള നാല് സെന്റ് ഭൂമിക്ക് പട്ടയം ലഭിക്കുന്നതിന് താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇവർക്ക് പട്ടയം നൽകിയതോടെ പുലപ്രക്കുന്ന് കോളനിയിലെ ഭൂമി പ്രശ്‌നത്തിന് പരിഹാരം ആവുകയാണ്.

1977 നു മുമ്പ് കോളനിയില്‍ താമസമാക്കിയവരാണ് പുലപ്രക്കുന്ന് കോളനിയിലെ കുടുംബങ്ങളുടെ പൂര്‍വികര്‍.  മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിലെ പുലപ്രക്കുന്ന് കോളനി നിവാസികള്‍ അന്തിയുറങ്ങാന്‍ ഒരു കൂര പോലുമില്ലാത്ത അവസ്ഥയിലായിണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കുടിവെള്ളം, റോഡുകള്‍ തുടങ്ങി അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തോടൊപ്പം  ജാതീയമായ ഒറ്റപ്പെടുത്തലും കോളനി നിവാസികളെ ബുദ്ധിമുട്ടിലാക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു.  കടുത്ത അവഗണനയാണ് ഇവിടുത്തുകാര്‍ നേരിടുന്നതെന്ന് സാമൂഹ്യമാധ്യമങ്ങളിലടക്കം ചര്‍ച്ച ചെയ്യപ്പെട്ടു. ജനപ്രതിനിധികളും സാമൂഹ്യപ്രവര്‍ത്തകരുമുള്‍പ്പെടെ ഇടപെട്ടതോടെ മന്ത്രി ടി പി രാമകൃഷ്ണന്റെയും ജില്ലാ കളക്ടര്‍ സാംബശിവ റാവുവിന്റെയും നേതൃത്വത്തിലാണ് അധികൃതര്‍ നേരിട്ട് ഇടപെട്ട്  കോളനിയുടെ സമഗ്ര വികസനത്തിന് പദ്ധതി തയ്യാറാക്കിയത്. മേപ്പയ്യൂര്‍ പഞ്ചായത്തിലെ 14-ാം വാര്‍ഡിലാണ്  പുലപ്രക്കുന്ന് സാംബവ കോളനി.  1974 ല്‍ പഞ്ചായത്ത് ഏറ്റെടുത്ത 74 സെന്റ് സ്ഥലത്താണ് കോളനി സ്ഥിതി ചെയ്യുന്നത്.

ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി കെ റീന, വൈസ് പ്രസിഡൻറ് കെ ടി രാജൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജയ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു