നാളികേര തോട്ടങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള സാധ്യതകള്‍ കുറവാണെങ്കിലും  സ്വന്തം പുരയിടത്തില്‍ തെങ്ങു നട്ടു വളര്‍ത്തുന്നതിലൂടെ  കേരളത്തില്‍  നാളികേര ഉത്പാദനം വര്‍ധിപ്പിക്കാനാകുമെന്നു  മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേര കേരളം, സമൃദ്ധ കേരളം പദ്ധതിയുടെ ഭാഗമായുള്ള തെങ്ങിന്‍തൈകളുടെ വിതരണത്തിന്റെ സംസ്ഥാനതല  ഉദ്ഘാടനം വേങ്ങേരി നഗര കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നാളികേര ഉത്പാദന വര്‍ധനവിനായി വിവിധ ഏജന്‍സികളുമായി ചര്‍ച്ച നടത്തി തെങ്ങിന്‍തൈകള്‍ വ്യാപകമായി വിതരണത്തിന് തീരുമാനിച്ചിട്ടുണ്ട്. ഒരു വാര്‍ഡിനു 75 എന്ന രീതിയില്‍ സംസ്ഥാനമൊട്ടാകെ പത്തുവര്‍ഷത്തിനകം രണ്ടുകോടി തൈകള്‍  വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.  വിതരണത്തിന് ആവശ്യമായ തെങ്ങിന്‍തൈകള്‍ ലഭ്യമല്ല എന്നതുകൊണ്ടുതന്നെ ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 500 തദ്ദേശസ്ഥാപനങ്ങള്‍ക്കാണ് തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്യുന്നത്.വ്യവസായത്തിന് ആവശ്യമായ ചകിരിക്ക്  പോലും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമാണ്. നാളികേരവും അനുബന്ധ ഉല്‍പ്പന്നങ്ങളുമായി  മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മാണത്തിന് അനന്ത സാധ്യതയാണ് നിലനില്‍ക്കുന്നത്. ഇതിനെ മറികടക്കാന്‍ കൂടുതല്‍ കേര വൃക്ഷങ്ങള്‍ നട്ടു പിടിപ്പിക്കുന്നതിനും സംസ്ഥാനത്തിന്റെ പേര് അന്വര്‍ഥമാക്കുന്നതിനു കൂട്ടായ ശ്രമം ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ തെരെഞ്ഞെടുത്ത കര്‍ഷകര്‍ക്കുളള തെങ്ങിന്‍ തൈ വിതരണം ന•ണ്ട ഗ്രാമപഞ്ചായത്തിലെ കാപ്പള്ളി ഗോപാലന്‍ നായര്‍ക്കു നല്‍കി  മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ വീഡിയോ പ്രോഗ്രാമായ നൂറുമേനിയുടെ സംപ്രേഷണത്തിന്റെയും എഫ് ഐബി യൂട്യൂബ് ചാനല്‍ ലൈവ് സ്ട്രീമിംഗിന്റെയും ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.അഗ്രോ സര്‍വീസ് സെന്ററുകള്‍ക്കും കര്‍മ്മ സേനകള്‍ക്കുമുള്ള യന്ത്രങ്ങളുടെ താക്കോല്‍ വിതരണോദ്ഘാടനവും ജൈവ കാര്‍ഷിക മണ്ഡലം ഒന്നാം സ്ഥാനം നേടിയ തൂണേരി ഗ്രാമപഞ്ചായത്തിനുള്ള അവാര്‍ഡ് ദാനവും ചടങ്ങില്‍ നടന്നു.
പ്രളയാനന്തര കേരളത്തില്‍ കാര്‍ഷിക മേഖലയ്ക്ക് നിരവധി പദ്ധതികള്‍ കേന്ദ്രബജറ്റില്‍ പ്രതീക്ഷിച്ചതായും നഷ്ടങ്ങളുടെ കൃത്യമായ കണക്ക് ബോധിപ്പിച്ചിരുന്നുവെന്നും  ചടങ്ങില്‍ അധ്യക്ഷത വഹിച്ച കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു. നാളികേര കൃഷിയെ നെല്‍കൃഷിയെ പോലെ കൂട്ടുകൃഷിയായി നട്ടുപിടിപ്പിക്കാനാകണമെന്നും ചെയ്യാന്‍ കഴിയുന്ന പദ്ധതികള്‍ എല്ലാം മേഖലയില്‍ നടപ്പാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.  മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍,  എം. എല്‍. എ മാരായ സി.കെ നാണു, എ പ്രദീപ് കുമാര്‍,  ഇ. കെ വിജയന്‍, കൃഷിവകുപ്പ് അഡിഷണല്‍ സെക്രട്ടറി സുനില്‍കുമാര്‍, കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ ആര്‍ ചന്ദ്രബാബു, നാളികേര വികസന ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ വി ഉഷാറാണി, കേരഫെഡ് ചെയര്‍മാന്‍ ജെ വേണുഗോപാലന്‍ നായര്‍, നാളികേര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം നാരായണന്‍, കോഴിക്കോട് കൗണ്‍സിലര്‍ കെ രതീദേവി തുടങ്ങിയവര്‍ സംസാരിച്ചു.