കാര്‍ഷിക ക്ഷേമ ബോര്‍ഡ് ഈ വര്‍ഷം സംസ്ഥാനത്ത് നിലവില്‍ വരും.

സംസ്ഥാനത്തെ പ്രധാനപ്പെട്ട മൂന്ന് വിളകളായ നാളികേരം, റബര്‍, നെല്ല് എന്നിവയുടെ കാര്യത്തില്‍ കര്‍ഷകര്‍ക്ക് ന്യായമായ വില ഉറപ്പാക്കുന്ന തരത്തിലുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. പച്ചത്തേങ്ങ സംഭരണത്തിന്റെ സംസ്ഥാനതല  ഉദ്ഘാടനം കോഴിക്കോട്ട് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നാളികേരത്തിന്റെ വില  താഴ്ന്നതോടെയാണ് പച്ചത്തേങ്ങ സംഭരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ സംഭരണം ഒരു സ്ഥിരം സംവിധാനമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 70 ലക്ഷത്തിലധികം കര്‍ഷകരുടെ അക്കൗണ്ടുകളിലൂടെ 80,000 കോടി രൂപ വായ്പ കൊടുത്തുവെന്നാണ് ബാങ്കുകള്‍ അവകാശപ്പെടുന്നത്. ഇതില്‍ 16 ലക്ഷം പേര്‍ക്ക് 17,000 കോടി മാത്രമാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡിലൂടെ വായ്പ നല്‍കിയത്. കിസാന്‍ ക്രഡിറ്റ് കാര്‍ഡ് വഴിയല്ലാതെ 62,000 കോടി രൂപ നല്‍കി. ഇത് അതീവ ഗുരുതരമായ പ്രശ്‌നമായതിനാല്‍ 100 ദിവസം കൊണ്ട് മുഴുവന്‍ കര്‍ഷകരെയും കിസാന്‍ ക്രെഡിറ്റ് കാര്‍ഡില്‍ കൊണ്ടു വരാനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്.

ഈ സര്‍ക്കാര്‍ വന്ന ശേഷം 2011 വരെയുള്ള കടങ്ങള്‍ കാര്‍ഷിക കടാശ്വാസ കമിഷന് പരിധിയില്‍ കൊണ്ടുവന്നു. പ്രളയത്തിന് ശേഷം, 2014 വരെയുള്ള കാര്‍ഷിക കടങ്ങളും ഇടുക്കിയിലും വയനാട്ടിലും 2018 ഓഗസ്റ്റ് വരെയുള്ള കടങ്ങളും കമിഷന്‍ പരിധിയില്‍ കൊണ്ടുവന്നു. ഇന്ത്യയില്‍ ഏറ്റവും ആകര്‍ഷകമായ നഷ്ടപരിഹാരം കൊടുക്കുന്ന വിള ഇന്‍ഷൂറന്‍സ് സ്‌കീം കേരളത്തിലേതാണ്. നിര്‍ഭാഗ്യവശാല്‍ കര്‍ഷകര്‍ക്ക് ഇതിനെ കുറിച്ച് അറിയില്ല. ഇന്ത്യയിലാദ്യമായി കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമാകുന്ന കാര്‍ഷിക ക്ഷേമ ബോര്‍ഡ് ഈ വര്‍ഷം സംസ്ഥാനത്ത് നിലവില്‍ വരും.  ഇത്തരത്തില്‍ സംസ്ഥാനത്തെ കാര്‍ഷിക രംഗത്തെ സുശക്തമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കയര്‍ വകുപ്പുമായി സഹകരിച്ച് തെങ്ങ് കയറ്റ യന്ത്രം വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. തേങ്ങ തൊണ്ടു സഹിതം ശേഖരിച്ചാല്‍ തൊണ്ട് ഏറ്റെടുക്കാന്‍ കയര്‍ ബോര്‍ഡ് സന്നദ്ധമാണ്. സംഘങ്ങള്‍ക്ക് കൂടുതല്‍ നേട്ടമുണ്ടാകുന്ന തരത്തില്‍ ചകിരി സംസ്‌കരണ യന്ത്രം തരാന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ കേര കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് മാന്യമായ വില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ കേരഫെഡ് മുഖേന പച്ചത്തേങ്ങ സംഭരിക്കുന്നത്. പച്ചത്തേങ്ങക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവിലയായ 27 രൂപക്കോ വിപണി വില വര്‍ധിക്കുന്നതിനനുസരിച്ച് ഉയര്‍ന്ന വില നല്‍കിയോ, പച്ചത്തേങ്ങ വാങ്ങി കൊപ്രയാക്കുവാന്‍ അടിസ്ഥാന സൗകര്യമുള്ള സഹകരണസംഘങ്ങള്‍, നാളികേര വികസന ബോര്‍ഡിന് കീഴിലുള്ള നാളികേര ഉദ്പ്പാദന ഫെഡറേഷനുകള്‍/കമ്പനികള്‍ എന്നിവര്‍ കര്‍ഷകരില്‍ നിന്നും നേരിട്ട് തേങ്ങ സംഭരിക്കുന്നതാണ് പദ്ധതി. നാളികേര സംഭരണത്തിനുള്ള നോഡല്‍ ഏജന്‍സിയായി കേരഫെഡിനെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. കൃഷി, സഹകരണ വകുപ്പുകള്‍, കേരഫെഡ്, നാളികേര വികസന ബോര്‍ഡ് എന്നിവരുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതി സൊസൈറ്റികളുടെ പ്രവര്‍ത്തന രീതി, വിശ്വസ്തത, അടിസ്ഥാന സൗകര്യങ്ങളുടെ പര്യാപ്തത എന്നിവ വിലയിരുത്തിയാണ് സംഭരണ ചുമത ഏല്‍പ്പിക്കുന്നത്. ഇതിനായി സംസ്ഥാന-ജില്ലാതല സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്കുള്ള പണം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് സംഭരണ ഏജന്‍സികളാണ് നല്‍കുക.

നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ എ പ്രദീപ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. സംഭരണത്തിന് തുടക്കം കുറിച്ചുകൊണ്ട് ജില്ലയിലെ സംഭരണ ഏജന്‍സികളില്‍ നിന്ന് മന്ത്രി പച്ചത്തേങ്ങകള്‍ സ്വീകരിക്കുകയും ചെയ്തു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ വിശിഷ്ടാതിഥിയായി. കേരഫെഡ് മാനേജിംഗ് ഡയറക്ടര്‍ എന്‍ രവികുമാര്‍ പദ്ധതി വിശദീകരിച്ചു. നാളികേര വികസന കോര്‍പറേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ദീപ്തി നായര്‍, ടി വി ബാലന്‍, സി സത്യചന്ദ്രന്‍, കെ ലോഹ്യ, കൃഷി അസി. ഡയറക്ടര്‍ കെ എം സുനില്‍കുമാര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എസ് ഷീല, ഐപ്പ് വടക്കേത്തടം, രാജന്‍ മാസ്റ്റര്‍, ഒ പി മൊയ്തു, ചക്രായുധന്‍, കൃഷ്ണന്‍മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. കേരഫെഡ് ചെയർമാന്‍ അഡ്വ. ജെ വേണുഗോപാലന്‍നായര്‍ സ്വാഗതവും വൈസ് ചെയര്‍മാന്‍ ഇ രമേശ്ബാബു നന്ദിയും പറഞ്ഞു.