വിവാഹമോചനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ് സംഘടിപ്പിക്കുമെന്ന് വനിത കമ്മീഷന്‍ അംഗമായ ഇ.എം.രാധ പറഞ്ഞു. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കമ്മീഷന്റെ മെഗാ അദാലത്തിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. 2018 ജനുവരി അവസാനത്തോടെ കൗണ്‍സിലിംഗിന് തുടക്കം കുറിക്കും. മാതാപിതാക്കളുടെ അമിതമായ സ്വാധീനം മൂലം വിവാഹബന്ധത്തില്‍ ഉലച്ചില്‍ നേരിട്ട കേസുകളാണ് കമ്മീഷനു മുന്നിലേറെയും എത്തിയത്. നിയമപരമായി വിവാഹിതരാകാതെ ഒന്നിച്ചു ജീവിച്ചു പ്രശ്‌നങ്ങള്‍ വരുമ്പോള്‍ മാത്രം നിയമത്തിന്റെ പരിരക്ഷ തേടുന്ന യുവതലമുറക്ക് ഫാമിലി ബഡ്ജറ്റിംഗില്‍ ഉള്‍പ്പടെ പ്രായോഗിക ജീവിത പരിജ്ഞാനം നല്‍കുക കൂടിയാണ് കൗണ്‍സിലിംഗിലൂടെ ലക്ഷ്യമിടുന്നത.് സോഷ്യല്‍ മീഡിയയും സ്ത്രീകളും ആയി ബന്ധപ്പെട്ട് പരാതികള്‍ പെരുകുന്ന പശ്ചാത്തലത്തില്‍ മാധ്യമങ്ങളിലെ സ്ത്രീ എന്ന വിഷയത്തില്‍ സംസ്ഥാന വ്യാപകമായി സെമിനാര്‍ സംഘടിപ്പിക്കുന്നതിനും കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കമ്മീഷന്‍ ഇപ്പോള്‍ നടത്തുന്ന കലാലയ ജ്യോതി എന്ന പരിപാടി വിദ്യാര്‍ത്ഥികള്‍ക്ക് കൂടി പങ്കെടുക്കാവുന്ന ചര്‍ച്ചയില്‍ അധിഷ്ടിതമായ പരിപാടിയായി വികസിപ്പിക്കുന്നതിന് കമ്മീഷന് ഉദ്ദേശമുണ്ട്. യുവതലമുറയില്‍ മയക്കുമരുന്നിന്റെ ഉപയോഗം കൂടുകയും വിവാഹേതര ബന്ധങ്ങള്‍ പെരുകുകയും ചെയ്യുന്ന സാഹചര്യത്തില്‍ എക്‌സൈസ് വകുപ്പിന്റെ വിമുക്തി പദ്ധതിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും അവര്‍ പറഞ്ഞു.  
കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കമ്മീഷന്റെ മെഗാ അദാലത്ത് ആകെ 78 പരാതികള്‍ പരിഗണിച്ചു.  21 പരാതികള്‍ തീര്‍പ്പാക്കി. പോലീസ് റിപ്പോര്‍ട്ട് തേടുന്നതിനായി 13 പരാതികള്‍ നല്‍കി. 44 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കുന്നതിന് മാറ്റി വച്ചു. പുതിയതായി 6 പരാതികള്‍ ലഭിച്ചു.      കുടുംബപ്രശ്‌നങ്ങളാണ് അദാലത്തിനെത്തിയതില്‍ കൂടുതല്‍ കേസുകളും. കുട്ടികളുടെ വൈകല്യം മൂലം ഭാര്യയെ ഭര്‍ത്താവ് ഉപേക്ഷിച്ച രണ്ടു കേസുകള്‍ ഒക്‌ടോബറിലെ  അദാലത്തില്‍ കമ്മീഷന്‍ പരിഗണിച്ചിരുന്നു. ഈ കേസുകള്‍ വീണ്ടും പരിഗണിച്ചപ്പോള്‍ ഒന്‍പത് വയസ്സുളള കുട്ടിയെയും അമ്മയെയും ഉപേക്ഷിച്ച് പിതാവ് മറ്റൊരു വിവാഹം കഴിച്ചുവെന്ന കേസില്‍ കുട്ടിക്കും അമ്മക്കും 16000 രൂപ വീതം മാസം ജീവനാംശം നല്‍കുന്നതിനും പരാതിക്കാരിയുടെ 25 പവന്‍ സ്വര്‍ണം തിരികെ നല്‍കുന്നതിനും ഈരാറ്റുപേട്ട ഫാമിലി കോടതിയില്‍ നിന്നുണ്ടായ ഉത്തരവ് നടപ്പാക്കുന്നതിന് എക്‌സിക്യുഷന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്ത് പരാതിക്കാരിക്ക് സാധ്യമായ സഹായങ്ങള്‍ നല്‍കുവാന്‍ അഡ്വ. സി എ ജോസിനെ കമ്മീഷന്‍ ചുമതലപ്പെടുത്തി. ഒന്നരമാസമായ ശാരീരിക വൈകല്യമുളള കുട്ടിയെയും തന്നെയും ഭര്‍ത്താവ് ഉപേക്ഷിച്ചു എന്ന യുവതിയുടെ പരാതിയില്‍ കുട്ടിയെ സര്‍ക്കാരിന്റെ കിരണ്‍ പദ്ധതിയില്‍ പെടുത്തി 18 വയസ്സുവരെ ചികിത്സാസഹായം നല്‍കുന്നതിന് കമ്മീഷന്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. കൂടാതെ വിദേശത്തുളള കുഞ്ഞിന്റെ പിതാവില്‍ നിന്നും മാസം തോറും ജീവനാംശം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാമെന്നു എതിര്‍കക്ഷിയുടെ പിതാവ് കമ്മീഷനെ ധരിപ്പിച്ചു. കമ്മീഷനംഗം അഡ്വ. ഷിജി          ശിവജി, കമ്മീഷന്‍ ഡയറക്ടര്‍ വി.യു.കുര്യാക്കോസ്, കമ്മീഷന്‍ എസ് ഐ രമാദേവി അഡ്വക്കേറ്റുമാരായ സി.എ.ജോസ്, മീര രാധാകൃഷ്ണന്‍, സി.ജി.സേതുലക്ഷ്മി, സി.കെ. സുരേന്ദ്രന്‍ എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.